ഡോക്ടർ ആകണമെന്ന ആഗ്രഹവുമായി വളർന്ന ഒറ്റമകൾ വിടപറഞ്ഞു. 23 വയസുകാരിയായ ഹൗസ്‌സര്‍ജന്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ ദാരുണമായ കൊലപാതകം മെഡിക്കൽ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നത്. രാവിലെ കേരളം ഉണർന്നത് ഈ ദുഖവർത്തയുമായി. അതിദാരുണവും ദുഃഖിപ്പിക്കുന്നതുമായ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആക്രമണം. ഡോക്ടർ വന്ദനയ്ക്ക് അഞ്ചിൽ കൂടുതൽ തവണ കുത്തേറ്റെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപാണ് പ്രതി. പ്രതി സ്കൂൾ അദ്ധ്യാപകൻ. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആയിരുന്നു ആക്രമണം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവൻ രക്ഷിക്കേണ്ടവർ കൊല്ലപ്പെടുന്നത് ആരോഗ്യ മേഖലയിൽ ഭീതിയുണർത്തുന്ന സംഭവമാണ്. ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പ് നല്കാൻ ആർക്ക് സാധിക്കുമെന്നാണ് പൊതു സമൂഹം ഉറ്റുനോക്കുന്നത്.
Discussion about this post