നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
ഗര്‍ഭാശയ ശസ്ത്രക്രീയയ്ക്ക് ശേഷം വയര്‍ തുന്നിയോജിപ്പിക്കാനാവാതെ തുറന്നിട്ട വയറുമായി കഷ്ടത അനുഭവിച്ച് വാര്‍ത്തകളില്‍ ഇടംപടിച്ച ഷീബയെ കാണാന്‍ എംഎല്‍എ ഗണേഷ് കുമാര്‍ വീണ്ടുമെത്തി. ഇത്തവണ കൈ നിറയെ പെരുന്നാള്‍ സമ്മാനങ്ങളുമായാണ് എംഎല്‍എയും കുടുംബവും ഷീബയുടെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ ആശുപത്രിയുടെ അനാസ്ഥ ആരോപിച്ച സംഭവത്തില്‍ ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഷീബയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭിക്കുകയും പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. എംഎല്‍എയില്‍നിന്നും പെരുന്നാള്‍ സമ്മാനങ്ങള്‍ സ്വീകരിച്ച ഷീബ, തന്റെ ജീവന്‍ രക്ഷിച്ചതിന് ഗണേഷ് കുമാറിന് നന്ദി അറിയിച്ചു. ഏറെനേരം ഷീബയുടെ കുടുംബത്തിനൊപ്പം ചിലവഴിച്ച ഗണേഷ്‌കുമാര്‍, പണി തീരാത്ത വീടും ഉടന്‍ ശരിയാക്കി നല്‍കാമെന്ന ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
കോഴിക്കോട് ഐസ്ക്രീം കഴിച്ച് 12 വയസുകാരൻ മരിച്ചത് കൊലപാതകമാണെന്ന് സംശയം. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഐസ്‌ക്രീമിൽ വിഷം കലർന്നതായി കണ്ടത്തി. ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തിയെന്നും എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടായിരുന്നുവെന്നും താഹിറ പോലീസിന് മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് കുട്ടി മരിച്ചത്.
സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം പേർക്ക് അർബുദബാധയ്ക്കു സാധ്യതയുള്ളതായി മന്ത്രി വീണാ ജോർജ്. ആർ.സി.സി.യിൽ വിവിധ ചികിത്സാ സംവിധാനങ്ങളുടെയും, പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്തനാർബുദവും ഗർഭാശയഗള അർബുദവും ആളുകളിൽ കൂടി വരുന്നതായി മന്ത്രി സൂചിപ്പിച്ചു. ഗർഭാശയഗള അർബുദ പ്രതിരോധത്തിനായി ആവിഷ്‌കരിച്ചിരിക്കുന്ന വാക്‌സിനേഷൻ പദ്ധതി വയനാട്, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
റീജനൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പള്ളിക്കൽ പഞ്ചായത്ത് 20 ലക്ഷം രൂപ മുതൽമുടക്കിലാണ് ആശുപത്രിയിലെ പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചക്ക് രണ്ടുവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്. വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പള്ളിക്കൽ സി.എച്ച്.സിയിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുവരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വിദേശരാജ്യങ്ങളുടെ മാതൃകയിൽ ക്യാൻസറിനെതിരെ വാക്‌സിനേഷൻ നൽകി പ്രതിരോധമാർജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്. വയനാട്, ആലപ്പുഴ ജില്ലകളിൽ വാക്സിനേഷന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചു. ക്യാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് രൂപീകരിച്ച ക്യാൻസർ കെയർ ബോർഡിന്റെ നേതൃത്വത്തിലാവും ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക. ആദ്യഘട്ടത്തിൽ തന്നെ രോഗം നിർണയിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ വഴി ലക്ഷ്യമിടുന്നത്.
പാലക്കാട് ജില്ലയിൽ കഠിനമായ ചൂട് തുടരുന്നു. 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. കോട്ടയം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്നു നിൽക്കുന്നത്. സൂര്യകിരണങ്ങൾ ലംബമായി ഭൂമിയിൽ പതിക്കുന്നതിനാലും കടലിൽ നിന്നു നീരാവി നിറഞ്ഞ കാറ്റ് കരയിലേക്കു കാര്യമായി വീശാത്തതുമാണ് ഇപ്പോഴത്തെ കഠിനചൂടിനു കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറഞ്ഞു. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കോഴിക്കോട് നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും വൻ ലഹരിവേട്ട.
കാസർകോട് സ്വദേശിയായ അഹമ്മദ് ഇർഷാദിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും, ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്ന് പിടികൂടിയത്. ബാംഗളുരുവിൽ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടുപോകുകയായിരുന്ന വീര്യം കൂടിയ 68 ഗ്രാം എം.ഡി.എം.എയാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞദിവസം 2484 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദേശീയ തലത്തിൽ കൊറോണ നിരക്ക് കുറയുമ്പോൾ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളിലെ കിടത്തി ചികിത്സ ആവശ്യമുള്ളവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. പ്രമേഹരോഗികൾ, രക്തസമ്മർദ്ധമുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക് ധരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,591 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ദൈനംദിന കോവിഡ് കണക്കാണ് ഇത്. ഇതോടെ ചികിത്സയിലുള്ള ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 65,286 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 40 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഇതുവരെയുള്ള മരണസംഖ്യ 5,31,230 ആയി ഉയർന്നു.
കേരളത്തിനൊപ്പം തമിഴ്നാട്ടിൽ ചൂട് കനക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്. സേലം, മധുര, തിരുച്ചിറപ്പള്ളി, വെല്ലൂർ, വിരുദുനഗർ എന്നിവിടങ്ങളിൽ 39 ഡിഗ്രിയും, കോയമ്പത്തൂർ, തിരുനെൽവേലി, ധർമപുരി, പുതുക്കോട്ട, രാമനാഥപുരം എന്നിവിടങ്ങളിൽ 38 ഡിഗ്രിയുമാണ് ചൂട്. മുൻ വർഷങ്ങളിൽ മേയ് അഞ്ചുമുതൽ 20 ദിവസമാണ് തമിഴ്‌നാട്ടിൽ ഏറ്റവുംകൂടുതൽ ചൂട് അനുഭവപ്പെടുക. 38 ഡിഗ്രി മുതൽ 40 ഡിഗ്രിവരെയും ചിലഘട്ടങ്ങളിൽ 42 ഡിഗ്രി ചൂടും അനുഭവപ്പെടാറുണ്ട്. വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
നിലമ്പൂർ വഴിക്കടവിൽ വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷാണ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് ആശുപത്രിയിൽ 2018 മുതൽ ഇയാൾ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രി വൈകിയും ആശുപത്രിയിൽ പരിശോധന നടത്തിയ പൊലീസ് ആശുപത്രി ഉടമസ്ഥനെയും മാനേജറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. പ്രീഡിഗ്രിയാണ് അറസ്റ്റിലായ രതീഷിന്റെ വിദ്യാഭ്യാസ യോഗ്യതയെന്ന് പൊലീസ് പറഞ്ഞു. 12 വർഷത്തോളം രതീഷ് വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തുകൊടുക്കുന്ന ജോലി ചെയ്തിരുന്നു.
രാജ്യത്ത് 100 ഫുഡ് സ്ട്രീറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് പുതിയ തീരുമാനം. കേരളത്തിന് നാല് ഫുഡ് സ്ട്രീറ്റുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഈ പദ്ധതിയിൽ 1 കോടി രൂപ വീതം നൽകും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി 100 ഭക്ഷണ സ്ട്രീറ്റുകൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യവ്യാപാരങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ പോളിസി റിസർച്ച് രാജ്യത്തെ 37 ഹീറ്റ് ആക്ഷൻ പ്ലാനുകളിൽ നടത്തിയ പഠനത്തിലാണ് കേരളം മുന്നിലെത്തിയത്. വേനൽ ചൂടിലുണ്ടാകുന്ന വർധനവ്, അപകട സാധ്യത, ചൂട് നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്നിവ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.വേനൽ ചൂട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാന സൗകര്യം, സങ്കേതികവിദ്യയുടെ ഉപയോഗം, പാരിസ്ഥിതികം എന്നിങ്ങനെ വിവിധ മേഖലകള്‍ തിരിച്ച് ഹ്രസ്വ- ദീർഘകാല പരിഹാരം ഒരുക്കുന്നതിലും കേരളം മുന്നിലാണ്. 2020 ലായിരുന്നു ‘കേരള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ’ എന്ന പേരിൽ കേരളത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചത്.
ഒമിക്രോൺ വകഭേദമായ xbb.1.16 അതിവേഗം വ്യാപിക്കുന്നുവെന്ന് വിദഗ്ധർ. നേരത്തെയുള്ള കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങൾക്കൊപ്പം ശക്തമായ പനിയും ചെങ്കണ്ണും ആർക്ടറസ് എന്ന ഈ ഉപവകഭേദത്തിന്റെ ലക്ഷണങ്ങളാണ്. ആർക്ടറസ് വൈറസിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷിയും അണുബാധശേഷിയും കൂടുതലാണ്. ഇന്ത്യയിലാണ് ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. നിലവിൽ 29 രാജ്യങ്ങളിൽ ആർക്ടറസ് വൈറസ് സാന്നിധ്യമുണ്ട്. സ്ഥിതി ആശങ്കാജനകമല്ലെങ്കിലും വിദഗ്ധർ പുതിയ വകഭേദത്തെ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക വെരിക്കോസ് വെയിൻ ലേസർ ചികിത്സയന്ത്രവും അനസ്തേഷ്യ വർക്ക് സ്റ്റേഷനും ലഭ്യമായി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ ബാലകൃഷ്ണന്റെ അഭ്യര്‍ഥനപ്രകാരം തോമസ് ചാഴികാടൻ എം പിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷനും സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ സി.എസ്.ആര് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സായന്ത്രവും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post