നോക്കാം സുപ്രധാന ആരോഗ്യവർത്തകൾ,
കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഇരുപത് പ്രമേഹ രോഗികളിൽ ഒരെണ്ണം കോവിഡുമായി ബന്ധപ്പെട്ടിരിക്കാം എന്ന് ഗവേഷകർ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച 6,29,935 പേരുടെ രേഖകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ പിൽക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നും കോവിഡ് സ്ഥിരീകരിച്ചവരിൽ പിന്നീട് ടൈപ് 1, ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, വൈറസ് ബാധിതരിൽ ഒരുവർഷത്തിനകം ടൈപ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം സ്ഥിരീകരിച്ച നൂറുപേരിൽ 3 മുതൽ -5 ശതമാനവും കോവിഡ് വൈറസുമായി ബന്ധപ്പെട്ടവയാണെന്ന് ഗവേഷകർ പറയുന്നു.
സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവം വിവാദത്തിൽ. മധ്യപ്രദേശ് സർക്കാരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നടന്ന സമൂഹ വിവാഹത്തിലായിരുന്നു സംഭവം. 219 പെൺകുട്ടികളിൽ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ വിവാഹം നടത്താത്ത സംഭവത്തിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. മുമ്പൊരിക്കലും ഇത്തരം പരിശോധനകൾ നടത്തിയിട്ടില്ലെന്നും ഇത് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും അപമാനമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സാധാരണ പ്രായം സ്ഥിരീകരിക്കുന്നതിനും ശാരീരിക ക്ഷമത പരിശോധിക്കുന്നതിനും മാത്രമാണ് പരിശോധനകൾ നടത്താറുള്ളതെന്ന് ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പറഞ്ഞു. സംഭവത്തിനെതിരെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥും രംഗത്തെത്തി. ‘മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന’പദ്ധതിയിലാണ് സമൂഹവിവാഹം നടത്തുന്നത്.
മുൻ ഇംഗ്ലണ്ട് സ്ട്രൈക്കർ ട്രെവർ വൈമാർക്കിന് അൽഷിമേഴ്സ് സ്ഥിരീകരിച്ചത്തോടെ ഫുട്ബോൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന റിപോർട്ടുകൾ പുറത്ത്. 2019 അവസാനത്തോടെയായിരുന്നു ട്രെവറിന് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചത്. ഫുട്ബോൾ കളിക്കാർക്ക് അൽഷിമേഴ്സ് പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷനിലെ മസ്തിഷ്കാരോഗ്യ വിഭാഗം മേധാവി ഡോ.ആദം വൈറ്റ് പറയുന്നു. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ, മറ്റുള്ളവരെ അപേക്ഷിച്ച് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് ഡിമെൻഷ്യ പോലുള്ള മറവിരോഗങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന പഠനം നടത്തിയിരുന്നു. ഫുട്ബോൾ കളിക്കിടെ തുടർച്ചയായി തലയ്ക്കേൽക്കുന്ന പരിക്കുകൾ മൂലമാണ് പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത വർധിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും കോവിഡിന്റെ ഉറവിടം കണ്ടത്താനാകാതെ ശാസ്ത്രലോകം. കോവിഡിന്റെ ഉറവിടം ഒരിക്കലും കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞനായ ഡോ. ജോർജ് ഫു ഗാവോ. കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അത് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ നടന്ന റോഡ്സ് പോളിസി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വുഹാൻ മാംസ മാർക്കറ്റിലെ റക്കൂൺ ഡോഗുകൾ അഥവാ മരപ്പട്ടികളുടെ മാംസത്തിൽ നിന്നാവാം വൈറസ് പടർന്നതെന്ന പഠനത്തെ ജോർജ് ഫുഗാവോ തള്ളി. വുഹാനിലെ മാർക്കറ്റിൽ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാർസ് കോവ് 2 വൈറസ് ജന്തുക്കളിൾ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇന്ത്യയിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. അസുഖബാധിതനായിരുന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോവിലെത്തിച്ച എട്ട് ചീറ്റപുലികളിൽ സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം നേരത്തെ ചത്തിരുന്നു. ചീറ്റയുടെ മരണകാരണം ഇത് വരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ‘പ്രോജക്റ്റ് ചീറ്റ’യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്.
അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാല്പതിലധികം മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈഡിസ് ഈജിപ്‌തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, ഛര്‍ദി, സന്ധിവേദന, ക്ഷീണം, ഓക്കാനം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. വാതിലുകളും ജനലുകളും നെറ്റുകള്‍ കൊണ്ട് മറക്കുക, കൊതുകുകള്‍ പെറ്റുപെരുകുന്നത് തടയാന്‍ വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സ്രോതസ്സുകളേയും നശിപ്പിക്കുക തുടങ്ങി കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ജനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
രാജ്യത്ത് കഴിഞ്ഞ ദിവസം 10,112 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 67,806 ആയി. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,31,329 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.43 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.66 ശതമാനം. മരണനിരക്ക് 1.18 ശതമാനം. ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സീനുകൾ വിതരണം ചെയ്തു.
പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിൽ നാല് നിലകളിലായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആശുപത്രി കെട്ടിടത്തിനു സമീപത്തായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള അക്കാദമിക്ക് ബ്ലോക്ക് മന്ദിരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. വിവിധ വകുപ്പുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.
ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ 5ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയും സഹകരണവും സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്നും ജൈവ മാലിന്യസംസ്‌ക്കരണത്തിന് ഒരു വര്‍ഷത്തിനകം ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് കോര്‍പറേഷന്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post