നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
പത്തനംതിട്ട ഓമല്ലൂരിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും. കുഞ്ഞിനെ തണൽ എന്ന സഘടനയ്ക്കാണ് കൈമാറുക. കോട്ട സ്വദേശിനിയാണ് ഏപ്രിൽ നാലിന് വീട്ടിൽ പ്രസവശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവതി പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടതയാണ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്തമകൻ വെളിപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. ചികിത്സയിലായിരുന്ന കുഞ്ഞ് പൂർണ ആരോഗ്യാവസ്ഥയിലെത്തിയെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രമായ തണലിലെ രണ്ടു വനിതകളാണ് കുട്ടിയെ പരിചരിച്ചത്.
വൃത്തിയില്ലാത്ത, കഴുകാത്ത മേക്കപ്പ് ബ്രഷിൽ ഒരു ടോയ്‍ലെറ്റ് സീറ്റിലുള്ളതിനേക്കാൾ ബാക്ടീരിയ ഉണ്ടാകുമെന്ന് പുതിയ പഠനം. കോസ്മെറ്റിക് ടൂൾ ബ്രാന്റായ സ്പെക്ട്രം കളക്ഷൻസിന്റെ പഠനത്തിലാണ് പഴകിയതും വൃത്തിയാക്കാത്തതുമായ ബ്രഷിന്റെ അവസ്ഥയെപറ്റി പറയുന്നത്. വൃത്തിയാക്കിയതും വൃത്തിയാക്കാത്തതുമായ മൈക്ക് അപ്പ് ബ്രഷുകളാണ് പഠനത്തിനായി തിരഞ്ഞെടുത്തത് . രണ്ടാഴ്ചത്തെ പരീക്ഷണത്തിന് ശേഷം ബ്രഷിൽ നിന്ന് കിട്ടിയ ബാക്ടീരിയകളും ടോയ്‍ലറ്റ് സീറ്റിൽ നിന്നുള്ള ബാക്ടീരിയകളും താരതമ്യം ചെയ്തു. വൃത്തിയാക്കാത്ത ബ്രഷിൽ നിന്ന് ടോയ്‍ലറ്റ് സീറ്റിൽ നിന്ന് കിട്ടിയതിനേക്കാൾ ബാക്ടീരിയകളാണ് കണ്ടെത്തിയത്. വൃത്തിയാക്കാത്ത ബ്രഷ് ഏതു സുരക്ഷിത സ്ഥാനത്ത് വെച്ചാലും സ്ഥിതി ഇതുതന്നെയാണെന്നും പഠനത്തിൽ പറയുന്നു.
കൊല്ലം – തിരുമംഗലം ദേശീയ പാതയിലെ മൂന്നാംകുറ്റിയിലുള്ള ഫല വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മാരക വിഷം കലർന്ന 50 കിലോ മാങ്ങ പിടിച്ചെടുത്തു. ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിവേഗം പഴുക്കാനായി കാത്സ്യം കാർബൈഡ് കലർത്തിയ മാങ്ങ മനുഷ്യ ശരീരത്തിനുള്ളിൽ ചെന്നാൽ തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്നം എന്നിവയ്ക്ക് പുറമേ അന്നനാളം, വൻകുടൽ, കരൾ എന്നിവിടങ്ങളിൽ കാൻസറിനും ഇടയാകും. ആരോഗ്യ വകുപ്പ് സംഘം കടയിലെത്തി മറ്റ് ഫലങ്ങൾ പരിശോധിച്ചതിനു ശേഷം മാങ്ങ നിറച്ച പെട്ടികളിൽ ഒന്ന് പൊട്ടിച്ച് നോക്കിയപ്പോൾ വലിയ ചൂട് അനുഭവപ്പെ ടുകയായിരുന്നു. മാങ്ങകൾക്ക് മുകളിൽ കാത്സ്യം കാർബൈഡ് ഉപയോഗിച്ചുവെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. മറ്റ് നാല് പെട്ടികളിലും സമാനമായ അവസ്ഥ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി. ശേഷം സാമ്പിളെടുത്ത് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു. കട താത്കാലികമായി സീൽ ചെയ്തിരിക്കുകയാണ്.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 63,562 ആയി ഉയർന്നു. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനമാണ്. അതേസമയം അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രണ്ടാഴ്ച്ചയ്ക്ക് ശേഷം കോവിഡ് കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെല്ലായിടത്തും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമ്പോഴും വാക്സിൻ എടുത്തവർക്ക് ആശ്വസിക്കാം. കൊവിഡ് വകഭേദങ്ങൾ മാറുന്നതിനനുസരിച്ച് പുതിയ വാക്സിൻ ഉത്പാദിപ്പിക്കേണ്ടി വരുമെന്നുള്ള
ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധരുടെ ആവശ്യത്തിന് അടിസ്ഥാനമില്ലെന്ന് പഠനങ്ങൾ. കനേഡിയൻ ആരോഗ്യ സർവകലാശാലകളും, വിവിധ സർക്കാർ
ഏജൻസികളും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കോവിഡ് വകഭേദങ്ങൾ മാറുന്നതിനനുസരിച്ച് വാക്‌സിന്റെ ഫലപ്രാപ്തിയും മാറുമെന്നായിരുന്നു ചില വിദഗ്ദ്ധർ വാദിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
വായു മലിനീകരണം കോവിഡ് വാക്‌സിന്റെ ആന്റി ബോഡി പ്രതികരണത്തെ കുറയ്ക്കുമെന്ന് പഠനം. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് 40നും 65നും ഇടയില്‍ പ്രായമുള്ള 927 പേരിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഗവേഷണത്തിന്‍റെ ഭാഗമായി 2020ലും 2021ലും ഇവരില്‍ നിന്ന് രക്തസാംപിളുകള്‍ ശേഖരിച്ചു. പങ്കെടുത്തവരെല്ലാം ആസ്ട്രസെനക, ഫൈസര്‍, മൊഡേണ തുടങ്ങിയ വാക്സീനുകള്‍ ഒന്നോ രണ്ടോ ഡോസ് എടുത്തവരാണ്. ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നിവയുമായി വായു മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ദീര്‍ഘകാലമുള്ള വായു മലിനീകരണം വാക്സീനുകളും രോഗബാധയും മൂലമുള്ള ഹൈബ്രിഡ് പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അറിയിച്ചു.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ന്യൂറോ കാത്ത് ലാബും, സ്‌ട്രോക്ക് ഐസിയുവും, സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമാകുന്നത്. മെഡിക്കല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോക്കിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്.
2030 ഓടെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് വാക്‌സിന്‍ തയാറാക്കുമെന്ന അവകാശവാദവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേര്‍ണ. വിവിധ തരം ട്യൂമറുകള്‍ക്കുള്ള പേഴ്‌സണലൈഡ്‌സ് വാക്‌സിനുകള്‍ മോഡേര്‍ണ തയാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ്, ഫ്‌ലൂ, ആര്‍എസ്‌വി എന്നിവയുള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന ഒരൊറ്റ കുത്തിവയ്പ്പ് വികസിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഓരോ അര്‍ബുദ കോശത്തേയും അവയുടെ വളര്‍ച്ചയേയും നിരീക്ഷിച്ച് mRNA തെറാപ്പി നടത്തുന്നതിനാണ് തങ്ങളുടെ പേഴ്‌സണലൈസ്ഡ് വാക്‌സിന്‍ ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്‌ച അതിതീവ്രമായ ചൂട് രേഖപ്പെടുത്തി. 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയ താപനില. ഉഷ്ണതരംഗത്തിന് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. ഉത്തർപ്രദേശിലെ ഹമീർപൂരിലും പ്രയാഗ്‌രാജിലും 44.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഡൽഹിയിലെ കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംങ് ഒബ്‌സർവേറ്ററിയിൽ രേഖപ്പെടുത്തിയത് 40.4 ഡിഗ്രി സെൽഷ്യസാണ്. ഏപ്രിൽ മുതൽ ജൂൺ വരെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും പെനിൻസുലർ പ്രദേശങ്ങളും ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥാ കേന്ദ്രം ഉയർന്ന താപനില പ്രവചിച്ചിരുന്നു. കടുത്ത ഉഷ്ണതരംഗവും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.
Discussion about this post