നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് നൽകുന്നതിന് പകരം രണ്ടാമത്തെ ഡോസ് നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് 45 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കുന്ന വാക്‌സിന്‍ നല്‍കിയെന്നാണ് പരാതി. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി.
മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം സ്വദേശി ബിന്ദു, തൃശൂർ സ്വദേശി റനീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും ബിന്ദുവിന്റെ മകനുമായ മിഥുൻ മോഹൻ ഒളിവിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രതികളുടെ രീതി. ആലപ്പുഴ വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് യുവതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. എം ഡി കാർഡിയോളജി വിദ്യാർത്ഥിനിയാണെന്ന് വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. കോഴ്സ് പൂർത്തിയാകുമ്പോൾ വിവാഹം നടത്താമെന്നും ഉറപ്പ് നൽകി. പിന്നാലെ പഠനാവശ്യത്തിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടിൽ ലഭിച്ചതോടെ ബിന്ദുവിനെ പിന്നീട് ബദ്ധപ്പെടാൻ സാധിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. ഇതോടെയാണ് ഇയാൾ പൊലീസിന് പരാതി നൽകിയത്.
കോഴിക്കോടിൽ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിച്ച സ്കൂൾ വിദ്യാർഥി മരിച്ചു. കോറോത്ത് മു ഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണു മരിച്ചത്. ഛർദി ഉണ്ടായ ഉടൻ തന്നെ കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും ആരോഗ്യ വിഭാഗവും പരിശോധനകൾ നടത്തുകയും ഐസ്ക്രീമിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തു.
എറണാകുളത്ത് വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച സുബിന്‍ ഫ്രാന്‍സിസിന്റെ അവയവങ്ങള്‍ ഇനി നാല് പേര്‍ക്ക് പുതുജീവനേകും. കഴിഞ്ഞ വ്യാഴായ്ചയായിരുന്നു സുബിനെ അതീവ ഗുരുതരാവസ്ഥയില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക മരണം വെള്ളിയാഴ്ച വൈകുംന്നേരത്തോടെ സ്ഥിരീകരിക്കുകയായിരുന്നു. സുബിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. മൃതസഞ്ജീവിനി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഡോ. നോബിള്‍ ഗ്രേസിയസിന്റെ നേതൃത്വത്തിലായിരുന്നു അവയവമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ നടന്നത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന 23-കാരനില്‍ കരള്‍ വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 22 വയസുകാരനായ വടകര സ്വദേശിയ്‌ക്ക് നല്‍കി. ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയ്‌ക്ക് ഹൃദയം ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു.
സംസ്ഥാനത്തെ 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് പ്രതീക്ഷിക്കാം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം, ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്.
കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സർവീസ് സംഘടനയായ കെ ജി എം ഒ എ 57 മത് അസോസിയേഷൻ ദിനം ആചരിച്ചു. യോഗം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം ചെറുക്കുന്നതിന് നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കും എന്ന് വീണ ജോർജ് പറഞ്ഞു . 1966 ഏപ്രിൽ 17 നാണ് കെ ജി എം ഒ എ രൂപീകൃതമായത്. സഘടന കഴിഞ്ഞ 57 വർഷങ്ങളായി അംഗങ്ങളായ ഡോക്ടർമാരുടെ വിവിധ സർവീസ് സംബന്ധമായ വിഷയങ്ങളിലും, ആരോഗ്യ സംബന്ധമായ വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തി വരുന്നു.
സംസ്ഥാനത്ത് വേനൽ കടുത്തതോടെ പാൽ സംഭരണത്തിൽ കുറവ് രേഖപ്പെടുത്തി. അഞ്ച് ശതമാനം കുറവാണ് പാൽ ഉത്പാദനത്തിൽ വന്നിരിക്കുന്നത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കുറവാണ് പാൽ ഉദ്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. പശുക്കൾക്ക് ചർമ്മ മുഴ വന്നതും പാൽ കുറയുന്നതിന് കാരണമായി. സംസ്ഥാനത്ത് ചർമ്മ മുഴ വന്ന് 590 പശുക്കൾ ചത്തെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
സൗധര്യ വർധന ചികിത്സയായ ലിപ്പ് ഫില്ലിംഗ് നടത്തുന്നതിനിടെ തനിക്ക് സംഭവിച്ച ദുരവസ്ഥ പങ്കുവെച്ച് യുവതി. കാലിഫോർണിയ സ്വദേശി ജെസീക്ക ബുർക്കോയാണ് ഇഞ്ചക്ഷനിലൂടെ ചുണ്ടുകൾ വലിപ്പം വെപ്പിക്കാൻ ശ്രമിച്ചപ്പോൾ ദാരുണ അവസ്ഥയ്ക്ക് ഇരയായത്. മുമ്പ് 6 തവണ ലിപ് ഫില്ലിങ് ചെയ്തിട്ടുണ്ടെന്നും അവസാന തവണ സൗജന്യമായി ചെയ്തപ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്നും ജെസീക്ക പറഞ്ഞു. ലിപ് ഫില്ലിങ്ങിന് മുമ്പ് തന്റെ ചുണ്ടുകൾ എങ്ങനെയായിരുന്നെന്നും അതിന് ശേഷം എന്തു സംഭവിച്ചെന്നും യുവതി വിഡിയോയിലൂടെ പങ്കുവെച്ചു. ലിപ് ഫില്ലിങ് നടന്ന് അൽപ സമയത്തിനകം തന്റെ ചുണ്ടുകൾ വീർക്കാൻ തുടങ്ങിയെന്നും പിന്നീട് അത് വീർത്ത് കാർട്ടൂൺ കഥാപാത്രങ്ങളെ പോലെയായെന്നും ജെസീക്ക പറഞ്ഞു. നിരവധി പേരാണ് ജസീക്കയുടെ വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
എറണാംകുളം സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വികസന പദ്ധതികൾ. കളമശേരിയിലെ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി മന്ദിരം, കാൻസർ സെന്ററിന്റെ ആദ്യ മന്ദിരം എന്നിവ പൂർത്തിയാകുമ്പോൾ അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. മദ്ധ്യകേരളത്തിലെ തന്നെ കാൻസർ രോഗികൾക്ക് ആശ്രയമായി മാറുന്ന കാൻസർ സെന്ററിന്റെ ആദ്യകെട്ടിടം ഒക്ടോബറിൽ പൂർത്തിയാകും. മെഡിക്കൽ കോളേജിന്റെ കെട്ടിടവും പിന്നാലെ സജ്ജമാകുമെന്ന് മന്ത്രിമാരായ പി. രാജീവ്, വീണാ ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകനയോഗങ്ങൾ വ്യക്തമാക്കി.
സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക. നിലവിൽ സ്ത്രീയും പുരുഷനും വിവാഹം ചെയ്താൽ ലഭിക്കുന്ന നിയമപരിരക്ഷ സ്വവർഗ്ഗവിവാഹം ചെയ്യുന്നവർക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ്ഗ പങ്കാളികൾ, സാമൂഹ്യപ്രവർത്തകർ ആക്ടിവിസ്റ്റുകൾ തുടങ്ങി നിരവധി പേർ നൽകിയ 20ലേറെ ഹർജികൾ ആണ് ബെഞ്ച് പരിഗണിക്കുന്നത്. അഡ്വ. അരുന്ധതി കട്ജ്ജുവാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക. സുപ്രീംകോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ഹർജികളെ ശക്തമായി എതിർത്തിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയമനിർമ്മാണ സഭകളാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
തീരദേശ പ്രദേശങ്ങളായ വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിന് മുന്നിൽ സമരം നടത്തി. ജനപ്രതിനിധികൾ, അസിസ്റ്റന്റ് എൻജിനീയറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നായിരുന്നു സമരം. ആളുകൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ വൻകിട ഹോട്ടലുകൾ, സ്വകാര്യസ്ഥാപനങ്ങൾ, ദേശീയപാത നിർമാണം എന്നിവക്കായി ആവശ്യാനുസരണം കുടിവെള്ളം ടാങ്കർ ലോറി വഴി വിൽപന നടത്തുന്ന ജല അതോറിറ്റിയുടെ നിലപാട് ശരിയല്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
Discussion about this post