കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കൽ ക്ലിനിക് സ്ഥാപിക്കുന്നു. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള ആലപ്പുഴലെ സ്ഥലത്താണ് ക്ലിനിക്കിന്റെ നിർമാണം നടക്കുന്നത്. ജൂൺ പകുതിയോടെ കെട്ടിടനിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാകുമെന്നാണ് കുടുംബം കരുതുന്നത്. വന്ദനദാസിന്റെ കൂടെ പഠിച്ചവർ അവിടെയെത്തി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇക്കാര്യങ്ങൾ മകളുടെ സുഹൃത്തുക്കളോട് സംസാരിച്ചെന്നും അവർ തയ്യാറാണെന്നും വന്ദനയുടെ അച്ഛൻ മോഹൻദാസ് വ്യക്തമാക്കി. പഠനശേഷം അട്ടപ്പാടിയിൽപോയി പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മകളുടെ ആഗ്രഹമായിരുന്നെന്നും വന്ദനയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യവേ, പോലീസ് വൈദ്യ പരിശോധനക്ക് എത്തിച്ച സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലർച്ചെ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്.
Discussion about this post