കോഴിക്കോട് കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, കയ്യേറ്റം ചെയ്യൽ,അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ മെയ് 12 നു രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡോക്ടർ സുസ്മിത്തിനെയാണ് ആക്രമിച്ചത്. രോഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും ഉൾപ്പെടുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റെത്തിയ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി പറഞ്ഞയച്ചെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്ന് പറഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ ചേർന്ന് ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാൾ പിന്നീട് ഡോക്ടർ പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് ശ്രമിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. അതെ സമയം സംഭവത്തിൽ പ്രതികരിച്ച ഡോക്ടർ സുസ്മിത്ത് തനിക്ക് പുറമെ മറ്റൊരു വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറിയതായി വ്യക്തമാക്കി. അക്രമാസക്തനായ രോഗിയെ സ്വയരക്ഷാർത്ഥം ആണ് പിടിച്ചു തള്ളിയതെന്നും മർദനത്തിന് പുറമേ, കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ വെളിപ്പെടുത്തി. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജീവിതം കടന്നുപോകുന്നത് അപകട സാഹചര്യത്തിലൂടെയാണ്. ഇത്തരം തെറ്റായ പ്രവണതയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർ സുസ്മിത്ത് പറഞ്ഞു.
Discussion about this post