ആസ്ട്രസെനെക്ക യുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ കോവിഡ് വാക്‌സിൻ ആയ കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ എടുത്ത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ വ്യക്തികളിൽ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം എന്ന പാർശ്വഫലം ഉണ്ടാവുക. മാത്രമല്ല രോഗ ലക്ഷണങ്ങൾ ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളിൽ പ്രകടമാവുമെന്നും ഡോ. രാമൻ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വാക്സിൻ അവതരിപ്പിച്ച് ആറുമാസത്തിനുള്ളിൽത്തന്നെ ടി.ടി.എസ്. എന്ന അപൂർവ പാർശ്വഫലത്തേക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴത്തേത് പുതിയ വിവരമല്ല. അടിയന്തര സാഹചര്യങ്ങളിൽ ഗുണദോഷഫലങ്ങൾ സംബന്ധിച്ച പഠനം നടത്തുകയും ഗുണവശങ്ങൾ ദോഷവശങ്ങളേക്കാൾ വളരെയധികം കൂടുതലാണെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ അനുമതി നൽകുകയുള്ളൂ. ഈ കേസിലും ദോഷത്തേക്കാൾ കൂടുതൽ ഗുണമായിരുന്നു- ഡോ. രാമൻ വ്യക്തമാക്കുന്നു. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനെക്ക കമ്പനി രംഗത്തെത്തിയത് വാർത്തയായിരുന്നു. കമ്പനിയുടെ തുറന്നുപറച്ചിൽ ആശങ്കൾക്കിടയാക്കുകയും ചെയ്തിരുന്നു.
Discussion about this post