കോഴിക്കോട് മെഡിക്കൽ കോളേജിൽ വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്യത്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ. മലപ്പുറം സ്വദേശിയായ 43 വയസുകാരിക്കാണ് സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയുമുള്ള ഗർഭാശയമുഴ 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കായെത്തിയത്. വീർത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അൾട്രാസൗണ്ട്, എം.ആർ.ഐ. സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളിൽ ഗർഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാൽ അതീവ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാൻ ഗർഭാശയത്തിലേക്കുള്ള രക്തക്കുഴലുകൾ ശസ്ത്രക്രിയയുടെ തുടക്കത്തിൽ തന്നെ തുന്നിച്ചേർത്തിരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോഴിക്കോട് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിലെ മുഴുവൻ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
Discussion about this post