പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക് വിഷാദവും വേദനയും ഉത്‌കണ്‌ഠയുമൊക്കെ കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന് പഠന റിപ്പോർട്ട്. ജർമ്മനിയിലെയും നെതർലാൻഡ്‌സിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 13,000 മുതിർന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ദിവസവും 20 മിനിറ്റ് മൃദുവായി മസാജ് ചെയ്യുന്നത് മറവിരോഗം ബാധിച്ച പ്രായമായവരിലെ സമ്മർദ്ദം കുറയ്‌ക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. സ്‌തനാർബുദരോഗികളുടെ മൂഡ് മെച്ചപ്പെടുത്താൻ മസാജിനു കഴിയുമെന്നാണ് പഠനം പറയുന്നത്. മുതിർന്നവരെ സംബന്ധിച്ച് അടുപ്പമുള്ളവരോ ആരോഗ്യപ്രവർത്തകനോ ആര് സ്‌പർശിച്ചാലും മാനസികാരോഗ്യ ഗുണങ്ങളുള്ളതായി ഗവേഷകർ നിരീക്ഷിച്ചു. എന്നാൽ നവജാതശിശുക്കളെ സംബന്ധിച്ച് മാതാപിതാക്കളുടെ സ്‌പർശനത്തിൽ നിന്നാണ് ഏറെ ഗുണം ലഭിക്കുകയെന്നും ഗവേഷകർ പറയുന്നു. മാസം തികയാതെ ജനിക്കുന്ന നവജാതശിശുക്കൾക്ക് അച്ഛന്റെയോ അമ്മയുടെയോ സ്‌പർശനം വളരെ ഗുണപ്രദമാണെന്ന് പഠനം വ്യക്തമാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്‌പർശനത്തിന്റെ ഗുണഫലങ്ങൾ കൂടുതൽ ലഭിക്കുന്നത് സ്‌ത്രീകൾക്കാണെന്നും റിപ്പോർട്ട് പറയുന്നു. സ്‌പർശനത്തിന്റെ ആവർത്തനങ്ങളും പ്രധാനമാണ്. ഇടയ്‌ക്കിടെ നല്ല സ്‌പർശനങ്ങൾ എല്ലാവർക്കും ആവശ്യമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കോവിഡ് കാലത്ത് പ്രിയപ്പെട്ടവരെ കാണാനോ അവരുടെ സ്‌പർശനം ഏൽക്കാനോ സാധിക്കാത്തവർക്ക് വിഷാദരോഗം, ഉത്‌കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായതായും ഗവേഷകർ നിരീക്ഷിച്ചു. ഉടലിൽ തൊടുന്നതിനെക്കാൾ പ്രയോജനം ലഭിക്കുന്നത് തലയിൽ തൊടുമ്പോഴാണ്. ഒരാൾക്ക് ഇഷ്ടപ്പെടാത്ത സ്‌പർശനങ്ങൾ വിപരീതഫലം ഉണ്ടാക്കി സമ്മർദ്ദം വർധിപ്പിക്കാമെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.
Discussion about this post