കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി വ്യക്തമാക്കി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക വാക്‌സിൻ വികസിപ്പിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ വാക്സിൻ കമ്പനിക്ക് എതിരെ കോടതിയിലും പോയിരുന്നു. വാക്‌സിൻ സ്വീകരിച്ച ശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നു പറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു. സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.
Discussion about this post