പാകിസ്താൻ സ്വദേശിനിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച പാക്ക് സ്വദേശിനി 19 വയസ്സുകാരി ആയിഷ റഷാനിക്കാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കമരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് മാറ്റിവെച്ചത്. ഹൃദ്രോഗത്തെത്തുടർന്ന് 2019-ലാണ് ആയിഷ ആദ്യമായി ഇന്ത്യയിൽ ചികിത്സയ്‌ക്കെത്തിയത്. ഹൃദയം മാറ്റിവെക്കൽ ആവശ്യമായതിനാൽ ഇതിനായി അപേക്ഷ നൽകി കാത്തിരിക്കയായിരുന്നു. കഴിഞ്ഞവർഷം ആരോഗ്യം മോശമായതിനെത്തുടർന്ന് വീണ്ടും ചികിത്സയ്‌ക്കെത്തി. ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റുമാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽ അവയവദാനത്തിന് മുൻഗണന സ്വദേശികൾക്കായതിനാൽ ദാതാവിനെ കണ്ടെത്താൻ സാധിച്ചില്ല. ഈയടുത്ത് മസ്തിഷ്‌കമരണം സംഭവിച്ച 69-കാരന്റെ ഹൃദയം സ്വീകരിക്കാൻ മറ്റാരും തയ്യാറാകാതെ വന്നതോടെ ആയിഷയ്ക്ക് ഈ അവസരം ലഭിക്കുകയായിരുന്നു. അപ്പോഴാണ് ചികിത്സച്ചെലവിനുള്ള 35 ലക്ഷത്തോളം രൂപ കണ്ടെത്താൻ സാധിക്കാതെവന്നത്. തുടർന്ന് സന്നദ്ധ സംഘടനകളും ഡോക്ടർമാരും ഹൃദയം മാറ്റിവെക്കലിന് വിധേയരായ മുൻരോഗികളും പണം സംഭാവന ചെയ്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ആയിഷ കഴിഞ്ഞദിവസം ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post