സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാട് ജില്ലയിൽ വോട്ട് ചെയ്തു മടങ്ങവേ ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞുവീണുമരിച്ചു. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വോട്ട് ചെയ്ത് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ സ്വദേശി സോമരാജൻ ആണ് മരിച്ചത്. വോട്ട് ചെയ്ത ശേഷം സ്‌കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16-ലെ എൽ.ഡി.എഫ്. ബൂത്ത് ഏജന്റും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കൽ അനീസ് അഹമ്മദ് ആണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരിൽ വോട്ട് ചെയ്യ്തിറങ്ങിയ മദ്രസാധ്യാപകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. തിരൂർ സ്വദേശി സിദ്ധീഖ് ആണ് മരിച്ചത്.
Discussion about this post