#palageneralhospital #KMManimemorialhospitalpala #veenageorge കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സർക്കാർ മേഖലയിൽ അപൂർവമായി ചെയ്യുന്ന സങ്കീർണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കാനായത് വലിയ നേട്ടമാണ് എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ മുഴുവൻ ടീമിനേയും ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ ഗർഭപാത്രത്തിൽ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കും പരിചരണത്തിനും ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ പുതിയ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾ നടത്താനാകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി.യുടെ ഏകോപനത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ആശാറാണി, ഡോ. തോമസ് കുര്യാക്കോസ്, ഡോ. സന്ദീപ എന്നിവരും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രമ്യ, സ്റ്റാഫ് നഴ്സ് സീന എന്നിവരും അടങ്ങിയ ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
Discussion about this post