ഏപ്രിൽ 1 മുതൽ രാജ്യത്ത് പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപി പിഎ) മരുന്നുവില വർധിപ്പിച്ചത്. വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വിലകളാണ് വർധിക്കുക. കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വില വർധന. പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകളുടെ വില വർധിക്കും. അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, മെഡിക്കൽ സ്‌റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരുടെ പക്കലും സ്റ്റോക്കുള്ള മരുന്നുകൾ തീർന്നതിനു ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാവൂ എന്ന നിർദ്ദേശവും ഉണ്ട്.
Discussion about this post