യുവാക്കളിൽ കോളറെക്ടൽ കാൻസർ കൂടുന്നതിന് കാരണം അമിതവണ്ണവും മദ്യപാനവും എന്ന് പഠന റിപ്പോർട്ട്. അനാൽസ് ഓഫ് ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിലാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കോളറെക്ടൽ ക്യാന്സറിന് പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് അമിതവണ്ണം, പൊണ്ണത്തടി എന്നിവയും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളായ ഡയബറ്റിസ് പോലുള്ളവയുമാണ്. ഇതുകൂടാതെ അമിതമദ്യപാനവും വ്യായാമമില്ലായ്മയും മലാശയ അർബുദ സാധ്യത വീണ്ടും കൂട്ടുകയാണെന്നും പഠനത്തിലുണ്ട്. മലാശയ അർബുദം മൂലം മരണപ്പെടുന്ന യുവാക്കളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് യു.കെ.യിലാണെന്ന് പഠനത്തിൽ പറയുന്നു. ഇറ്റലി, സ്പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലും വർധനവ് കാണുന്നതായി പഠനത്തിലുണ്ട്.
എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്. സ്കോട്ലന്റിൽ നിന്നുള്ള എച്ച്.പി.വി. വാക്സിൻ സ്വീകരിച്ച സ്ത്രീകൾക്കിടയിൽ പിന്നീട് സ്ക്രീനിങ് നടത്തിയപ്പോൾ സെർവിക്കൽ കാൻസർ കേസുകൾ രേഖപ്പെടുത്തിയില്ല എന്നാണ് പഠനത്തിൽ പറയുന്നത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ് ആണ് പഠനം നടത്തിയത്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008-ൽ പന്ത്രണ്ടു മുതൽ പതിമൂന്നു വയസ്സുവരെ പ്രായമായ പെൺകുട്ടികൾക്കിടയിൽ എച്ച്.പി.വി. വാക്സിനേഷൻ ശക്തമാക്കിയതിനു പിന്നാലെയാണ് ഈ മാറ്റമെന്നും പഠനത്തിൽ പറയുന്നു. സ്ത്രീകളുടെ പ്രായം, ഡോസ്, സാമൂഹികസാമ്പത്തിക പശ്ചാത്തലം തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എച്ച്.പി.വി. വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണെന്നു വ്യക്തമാക്കുന്നതാണ് പ്രസ്തുത പഠനമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post