സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാൻസർ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയ കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയിൽ സ്ത്രീകളിലെ കാൻസർ കണ്ടു പിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്സിനേഷൻ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി.
Discussion about this post