സ്ത്രീകളിലെ സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോര്‍പ്പറേഷനും എറണാകുളം ജനറല്‍ ആശുപത്രിയും ദേശീയ നഗരാരോഗ്യ ദൗത്യവും, ഐ.സി.എം.ആറും സംയുക്തമായി സംഘടിപ്പിച്ച ‘ തൂവല്‍ സ്പര്‍ശം ‘ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് തരംഗമായി. പദ്ധതിയുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 14 ഡിവിഷനുകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 1000 ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ നയിച്ചു. പരിശീലനം ലഭിച്ച ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഭവനങ്ങളിലെത്തിയാണ് ഈ ഗൃഹാധിഷ്ടിത സ്‌ക്രീനിംഗ് നടത്തിയത്. ഇതിലൂടെ 40 വയസ്സിന്‍ മുകളിലുള്ള 27000 പേരെയാണ് പ്രാഥമിക സ്‌ക്രീനിംഗിന് തിരെഞ്ഞെടുത്തത്. ഇതില്‍ നിന്നും കണ്ടെത്തിയ 3000 ത്തോളം പേരാണ് സ്‌ക്രീനിംഗ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരില്‍ 500 ആളുകളെ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തില്‍ തുടര്‍ ചികിത്സ ഉറപ്പാക്കും.
ഇന്ന് നവംബര് 14 ലോക പ്രമേഹ ദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് ജീവിതശൈലി രോഗമായ പ്രമേഹം ബാധിച്ചിരിക്കുന്നത്. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെ പോകുന്നതും തുടര്‍ന്ന് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണങ്ങളും’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. കണ്ടെത്തി രണ്ടു മാസം പിന്നിട്ടതോടെ അമേരിക്കയ്ക്കു പുറമേ യുകെ, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍ ഉള്‍പ്പടെ 11 രാജ്യങ്ങളില്‍ക്കൂടി വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. സ്പൈക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങള്‍ക്കുമുള്ളത്. കോവിഡ് വാക്സിനുകളെല്ലാം ഈ സ്പൈക് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ വകഭേദം സാര്‍സ് കോവ് 2 വൈറസുകളുടെ 0.1 ശതമാനത്തില്‍ താഴെയാണെന്നും അതിനാല്‍ വലിയ ഭീഷണിയില്ലെന്നും സിഡിസി പറയുന്നു. നിലവിലുള്ള വാക്സിന്‍ ജെഎന്‍.1നെതിരെ ഫലപ്രദമാകണമെന്നില്ല. പുതുക്കിയ വാക്സിന്‍ രോഗം ഗുരുതരമാകുന്നതു തടയാന്‍ സഹായിക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു.
മത്സ്യബന്ധന – അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടത്തുന്ന പ്രതിവര്‍ഷ ആരോഗ്യ ക്യാമ്പ് നവംബര്‍ 19നു ഞാറക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നടത്തുമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ശിശുരോഗം, ഗൈനക്കോളജി, നേത്രരോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളില്‍ സേവനം ലഭ്യമാകും. ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. വെയിലും മഴയും മാറിമാറിവരുന്നതിനാല്‍ പകര്‍ച്ചവ്യാധി സാധ്യത കൂടിയ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മെഡിക്കല്‍ ക്യാമ്പ് കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post