കാസര്‍കോട് 54 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. കാസര്‍കോട് പൈവളിഗെയില്‍ 39 പേര്‍ക്കും, മീഞ്ച ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് മുന്നറിയിപ്പു നല്‍കി. പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും DMO പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരും, പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ വൈറോളജി വിഭാഗത്തിലെ വിദഗ്ധരും ഉള്‍പ്പെട്ട സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗസയിലെ അല്‍ ശിഫ ആശുപത്രിയുടെ ഹൃദ്രോഗ വാര്‍ഡ് തകര്‍ന്നതായി ഗസ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അല്‍ റിഷ് വ്യക്തമാക്കി. അതേസമയം അല്‍ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായതായി ലോകാരോഗ്യ സംഘടനയും പ്രതികരിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഭയാനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ഞങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവര്‍ പതിനായിരക്കണക്കിനാളുകള്‍ക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നതായും ഡബ്‌ള്യു. എച്ച്.ഒ പ്രതികരിച്ചു. ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് പറഞ്ഞു.
ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന യുവ ആദിവാസി കലാകാരന് സാന്ത്വനമേകി മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ ആദിവാസി കലാകാരനും ഗായകനും നടനും സംവിധായകനും നര്‍ത്തകനും നാടക സിനിമ പ്രവര്‍ത്തകനും ഗവേഷകനുമായ കുപ്പുസ്വാമിയ്ക്കാണ് മന്ത്രി പിന്തുണ ഉറപ്പുനല്‍കിയത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെത്തിയ മന്ത്രി കുപ്പസ്വാമിയെ നേരിട്ട് കണ്ട് സംസാരിച്ചു. കുപ്പുസ്വാമിയുടെ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുപ്പുസ്വാമിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആര്‍ദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി കുപ്പസ്വാമിയെ സന്ദര്‍ശിച്ചത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മനസികാരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നിംഹാന്‍സ് ബാംഗ്ലൂര്‍, മാനസകേരളം എന്നിവയുമായിച്ചേര്‍ന്നു ബിഹേവിയര്‍ അഡിക്ഷന്‍ – ഇന്റര്‍നെറ്റ് ഗെയിമിങ് എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നിംഹാന്‍സ് മനസികാരോഗ്യ വിഭാഗം പ്രൊഫസ്സര്‍ ഡോ.റ്റി. എസ് ജയ്‌സൂര്യ ക്ലാസ്സ് നയിച്ചു. ഡോക്ടറുമാര്‍ , സൈക്കോളജിസ്റ്റുകള്‍ കൗണ്‍സിലറുമാര്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്റര്‍നെറ്റ് ഗെയിമിങ് ഡിസോര്‍ഡര്‍,ആസക്തി എന്നിവയെ എപ്രകാരം സമീപിക്കാം എന്നതായിരുന്നു ശില്പശാലയുടെ മുഖ്യ വിഷയം. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.പ്രതാപ് നിര്‍വഹിച്ചു.
നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം. സംഭവത്തില്‍ ജില്ലാ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല.
നവംബര്‍ 18 വരെ കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത. നവംബര്‍ 14,15 തീയതികളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നവംബര്‍ 14 ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം നവംബര്‍ 16 ഓടെ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ ആരോഗ്യ വര്‍ത്തകളള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post