ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നൽകിയ കുഞ്ഞിനെ പുറത്തെടുത്തത് ജീവനോടെ. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് 32 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ സിസേറിയൻലൂടെ പുറത്തെടുത്തത്. കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ ആയതിനാൽ കോടതി നിർദ്ദേശപ്രകാരം കുട്ടിയെ നിയോണേറ്റൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നാഡീ ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നും ഗർഭം തുടരാൻ അനുവദിച്ചാൽ സ്ഥിതി അതീവ ഗുരുതരമാകും എന്നും കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് ഹർജിക്കാർ കോടതിയെ സമീപിച്ചത്. സിസേറിയനിൽ കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ 70% സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് കോടതി ഹർജി അനുവദിച്ച് ഉത്തരവ് നൽകിയത്. കുട്ടിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും തുടർനടപടികൾ മെഡിക്കൽ ബോർഡിന് തീരുമാനിക്കാം എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ 564 സ്ഥാപനങ്ങളിൽ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി ബ്രിട്ടന്റെ ആരോഗ്യവിഭാഗം ,നാഷണൽ ഹെൽത്ത് സർവീസ്. സ്തനാർബുദ ചികിത്സയ്ക്ക് വർഷങ്ങളായി ഉപയോഗിക്കുന്ന അനാസ്ട്രസോൾ ഗുളികയാണിത്. അനാസ്ട്രസോളിന്റെ ഉപയോഗം ആർത്തവവിരാമം വന്നവരിൽ സ്തനാർബുദ സാധ്യത 50 ശതമാനത്തോളം കുറച്ചെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. ഇതോടെ, ഈ ഗുളിക പ്രതിരോധമരുന്ന് എന്ന നിലയിൽ ഉപയോഗിക്കാൻ ബ്രിട്ടന്റെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി അനുമതി നൽകി. സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനത്തിനു സഹായിക്കുന്ന എൻസൈമായ അരോമാറ്റേസിനെ തടഞ്ഞാണ് അനാസ്ട്രസോൾ സ്തനാർബുദത്തെ പ്രതിരോധിക്കുന്നത്. മരുന്നിന്റെ ഉപയോഗലക്ഷ്യം മാറ്റിപ്പരീക്ഷിക്കുന്ന മെഡിസിൻസ് റീപർപ്പസിങ് പ്രോഗ്രാമിന് 2021-ൽ ബ്രിട്ടൻ തുടക്കമിട്ടിരുന്നു. ഈ പദ്ധതിപ്രകാരം നടത്തിയ പരീക്ഷണമാണ് അനാസ്ട്രസോളിനെ പ്രതിരോധമരുന്നാക്കാം എന്ന കണ്ടെത്തലിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം ഉപയോഗലക്ഷ്യം മാറ്റിയ ആദ്യ മരുന്നാണിത്.
രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നത് അമിതഭാരം നിയന്ത്രിക്കാൻ സഹിക്കുമെന്നു പഠനം. ഹോങ്കോങ് പോളിടെക്നിക് സര്‍വകലാശാലയിലെയും ഫ്രാങ്ക്ലിന്‍ പിയേഴ്സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഒബ്സിറ്റി ജേണലീലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5285 പേരെ 3 വിഭാഗമായി തിരിച്. രാവിലെ, ഉച്ചയ്‌ക്,വൈകിട്ട് എന്നിങ്ങനെ ഇവർക്ക് വ്യായാമക്രമം നൽകിയാണ് പഠനം നടത്തിയത്. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് അരക്കെട്ടിന്റെ അളവും ബോഡി മാസ് ഇന്‍ഡെക്സും കുറവായി പഠനത്തില്‍ കണ്ടെത്തി. വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം ഇതിനു കാരണമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post