ശ്രുതിതരംഗം പദ്ധതി വഴി കേള്‍വി വൈകല്യം അനുഭവിക്കുന്ന 15 കുട്ടകളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ടെക്‌നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകളാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തിലെ അപേക്ഷകളില്‍ 14 എണ്ണത്തിന് അംഗീകാരം നല്‍കി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ശവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുന്ന പദ്ധതിയാണു ശ്രുതി തരംഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056, 104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഗാസയില്‍ അവയവങ്ങള്‍ മുറിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ഡബ്ലിയു എച് ഓ റിപ്പോര്‍ട്ട്. ഗാസയിലെ ജനങ്ങള്‍ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു. വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കില്‍ മാത്രമേ അതിജീവനം സാധ്യമാകു. 16 ആരോഗ്യപ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടത് രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണ്. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക പ്രയാസകരമാണെന്നും ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു. അതേസമയം ഗാസ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്.
ഉറക്കം കുറയുന്നതിനുസരിച്ച് ഡിമെന്‍ഷ്യ സാധ്യതയും കൂടുമെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബോണിലുള്ള മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ജാമാ ന്യൂറോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോവര്‍ഷവും ഉറക്കത്തിലുണ്ടാകുന്ന നേരിയ കുറവുപോലും ഡിമെന്‍ഷ്യ സാധ്യത 27ശതമാനമായി വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അറുപതുവയസ്സിനു മുകളിലുള്ള 346-ഓളം പേരുടെ ആരോഗ്യവിവരങ്ങള്‍, അഞ്ചുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് അവലോകനം ചെയ്ത് ഗവേഷകര്‍ വിലയിരുത്തല്‍ നടത്തിയത്. പഠനത്തിനൊടുവില്‍ 52 ഡിമെന്‍ഷ്യ രോഗികളേയാണ് കണ്ടെത്തിയത്. ഉറക്കം എത്രത്തോളം കുറയുന്നുവോ അത്രത്തോളം ഡിമെന്‍ഷ്യ സാധ്യതയും കൂടുന്നു. ജീവിതശൈലിയില്‍ വ്യായാമം ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യം എത്രയുണ്ടോ അത്രത്തോളം തന്നെ ഉറക്കത്തിനും സ്ഥാനം കൊടുക്കേണ്ടതാണെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് 55 ദശലക്ഷത്തിലേറെ പേര്‍ ഡിമെന്‍ഷ്യ രോഗവുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ 4 ജില്ലകളിലെ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവരടങ്ങുന്നവരായിരിക്കും ടീം. ഏതെങ്കിലും പകര്‍ച്ചവ്യാധി കണ്ടെത്തിയാല്‍ സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തേണ്ടതാണ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കും. എല്ലാ പ്രധാന ഭാഷകളിലും അവബോധം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.
വിനോദയാത്രയ്ക്കിടെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ശ്രീസയനയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുട്ടിക്ക് ചെറിയ രീതിയിലുള്ള അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post