സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം. ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് രോഗബാധ സ്ഥിരീകിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. എവിടെനിന്നാണ് ഇവര്‍ക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു. ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് ചെള്ള് പനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടണം. ചെറു പ്രാണികളായ ചിഗ്ഗര്‍ മൈറ്റുകളുടെ ലാര്‍വല്‍ ഘട്ടം വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ചെള്ളുപനി പകരുന്നത്.
കണ്ണൂര്‍ തലശ്ശേരി ജില്ലാ കോടതിയില്‍ ന്യായാധിപര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിന് കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊതുക് പരത്തുന്ന രോഗമാണ് സിക. നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
സ്ഥിരമായി ഉപ്പു കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ലൂസിയാനയിലെ ട്യുലെയ്ന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മയോക്ലിനിക്കില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ.ബയോബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4,00,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 11.8 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവില്‍ 13,000-ത്തോളം പേരില്‍ ടൈപ്പ്2 ഡയബറ്റിസ് ഗവേഷകര്‍ കണ്ടെത്തി. ഉപ്പ് ഇടയ്ക്കിടെയും പതിവായും എല്ലായ്‌പ്പോഴും ഉപയോഗിക്കുകയും ചെയ്ത വിഭാഗത്തില്‍ യഥാക്രമം 13%, 20%, 39% ടൈപ്പ്2 ഡയബറ്റിസ് സാധ്യത കണ്ടെത്തി. ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരില്‍ ഈ നില കുറവുമായിരുന്നുന്നതായി ഗവേഷണത്തില്‍ പറയുന്നു.
കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. ഈ നേട്ടത്തില്‍ 3 തവണ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സ ഉറപ്പാക്കാനായി ആരോഗ്യ കിരണം പദ്ധതിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post