സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നോക്കാം സുപ്രധാന അപ്‌ഡേഷനുകള്‍ ഒറ്റനോട്ടത്തില്‍
സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗവ്യാപനം സാധ്യത ഒഴിവാക്കാന്‍ കോഴിക്കോട് 7 പഞ്ചായത്തുകളിലെ 40ഓളം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിലുള്ള 9 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, തിരുവനന്തപുരത്ത് നിപ്പ ലക്ഷണങ്ങള്‍ പ്രകടമാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കൂടാതെ കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു.
കോഴിക്കോട് മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക്, കള്ളാട് ജുമാ മസ്ജിദ്, കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്ക്, തൊട്ടില്‍പാലം ഇഖ്ര ആശുപത്രി എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്ശിച്ചതായാണ് റൂട്ട് മാപ്പില്‍ പറയുന്നത്. അതേസമയം, മരുതോങ്കരയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു. . കണ്ടൈന്‍മെന്റ് സോണുകളില്‍ ആര്‍ ആര്‍ ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലും പാറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളിലാണ് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കുകയും വേണം. കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു.
സംസ്ഥാനത്ത് നിലവിലുള്ള നിപ പ്രോട്ടോകോള്‍ തന്നെ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തിലെ വൈറോളജി ലാബ് നിപ പരിശോധനയ്ക്ക് സജ്ജമാണെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം പൂനെ ലാബില്‍നിന്ന് മാത്രമാണ് സാധ്യമെന്നും മന്ത്രി വ്യക്തമാക്കി. രോഗ പ്രതിരോധത്തിന് ആവശ്യമായ മരുന്നുകളടക്കം സജ്ജമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സഭയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗസംബന്ധമായ സംശയങ്ങളോ ലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടുക. കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post