കേരളം വീണ്ടും നിപ്പ ഭീഷണിയില്‍. നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് നാലു പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരെ ഐസൊലേഷനിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ലക്ഷണങ്ങളുമായി മരിച്ചയാളുടെ ബന്ധുക്കളാണ് ചികിത്സയില്‍ തുടരുന്ന നാലുപേര്‍. മരിച്ചയാളുടെ ഭാര്യ, പത്തു മാസം പ്രായമുള്ള കുട്ടി, 22 വയസ്സുകാരനായ ബന്ധു എന്നിവരുടെ നില മെച്ചപ്പെട്ട അവസ്ഥയാണ്. 9 വയസു പ്രായമുള്ള കുട്ടി വെന്റിലേറ്ററിലാണ്. പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം വൈകിട്ടോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഫലം വരുന്നതുവരെ ജില്ലയില്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2021ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നത്.
ചരിത്രത്തില്‍ ഇടംപിടിച്ച ആദ്യ ക്ലോണിങ് മൃഗമായ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മട്ട് അന്തരിച്ചു. 79 വയസുകാരനായ അദ്ദേഹം മരിക്കുമ്പോള്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് മരണ വിവരം സ്ഥിരീകരിച്ചത്. 1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച് ‘കോണിംഗ്’ ആദ്യമായി വിജയകരമായി പരീക്ഷിച്ച് കൊണ്ട് ഇയാന്‍ വില്‍മുട്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.
ഇന്ത്യയിലെ കോവിഡ് വാക്‌സിനുകള്‍ക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധനമില്ലെന്ന് പഠനം. ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സീനുകളായ കോവിഷീല്‍ഡിനും കോവാക്സിനും ഉപയോഗിക്കുന്നതിനാല്‍ ഹൃദ്രോഗം വരുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനം പറയുന്നു. വാക്സീന്‍ എടുത്തവരില്‍ ഹൃദയാഘാതത്തിനു ശേഷമുള്ള മരണ സാധ്യതയും മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണസാധ്യതയും കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. പിഎല്‍ഒഎസ് വണ്‍ ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്‌സ് റേ മെഷീന്‍ എലി കടിച്ചു നശിപ്പിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും. എലി കടിച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് യന്ത്രം ഉപയോഗിക്കാനാകാത്ത സംഭവം നേരത്തെ വിവാദമായിരുന്നു. ഈ യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോ?ഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ സാധ്യതയുള്ളതിനാള്‍ വരും ദിവസങ്ങളിലും കാലവര്‍ഷം സജീവമായി തുടരും. മ്യാന്‍മര്‍ തീരത്തിനു സമീപം മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post