പുകവലി സൃഷ്ടിക്കുന്ന ശാരീരിക പ്രശ്നത്തിന് സമാനമായ ദോഷങ്ങൾ വർക്ക് ഫ്രം ഹോം പോലുള്ള ദീർഘനേരമുള്ള ഇരുപ്പും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ദർ. തുടർച്ചെയുള്ള ഇരുപ്പ് ഭാരം കൂടാനും നട്ടെല്ലുകൾക്കും പുറത്തെ പേശികൾക്കും കേട് വരുത്താനും കാലുകളിലെ രക്തക്കുഴലുകളിൽ ക്ലോട്ടിങ്ങിന് ഇടയാക്കുന്ന ഡീപ് വെനസ് ത്രോംബോസിസിനും കാരണമാകാമെന്ന് ഷാലിമാർബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഓർത്തോപീഡിക് യൂണിറ്റ് ഹെഡ് ഡോ. പുനീത് മിശ്ര. കാലിലെ ക്ലോട്ടുകൾ ശ്വാസകോശത്തിലേക്ക് നീങ്ങി ജീവനുതന്നെ അപകടം വരുത്തുന്ന പൾമനറി എംബോളിസത്തിനും വർക്ക് ഫ്രം ഹോമിലെ ദീർഘനേരത്തെ ഇരുപ്പ് കാരണമാകാമെന്ന് ഡോ. മിശ്ര കൂട്ടിച്ചേർത്തു. പുറം വേദന, കഴുത്ത് വേദന, പേശികളുടെ ശോഷണം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എല്ലുകളുടെ സാന്ദ്രത കുറയാനും ദീർഘനേരത്തെ ഇരുപ്പ് കാരണമാകാം. ഇത് ഓസ്റ്റിയോപോറോസിസ് പോലുള്ളവയുടെ സാധ്യതയും വർധിപ്പിക്കും.
ഗർഭിണികളിൽ പാരാസിറ്റാമോളിന്റെ അമിത ഉപയോഗം ജനിക്കാനിരിക്കുന്ന ആൺകുഞ്ഞിന്റെ പ്രത്യുല്പാദനത്തെ ബാധിക്കുമെന്ന് പഠനം. എഡിൻബർഗ് സർവകലാശാല ക്ലിനിക്കൽ റിസർച് സെന്ററിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പെൺകുഞ്ഞുങ്ങളെ അപേക്ഷിച്ചു ആൺ ഭ്രൂണങ്ങളുടെ വളർച്ചയെയാണ് പാരാസിറ്റാമോളിന്റെ അമിത ഉപയോഗം കൂടുതൽ ബാധിക്കുന്നതെന്നു പഠനത്തിൽ പറയുന്നു. പാരാസിറ്റാമോളിന്റെ ഉപയോഗം ഭ്രൂണത്തിന്റെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദനത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തുന്നു. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ പ്രശ്നങ്ങളാണ് മനസിലാക്കാൻ ശ്രമിക്കുന്നത്. അൺ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകർ, ഹോം നഴ്സ്-വീട്ടുജോലിക്കാർ, വനിത ഹോം ഗാർഡ്സ്, കരാർ ജീവനക്കാർ, സീരിയൽ മേഖലയിലെ വനിതകൾ, വനിത മാധ്യമ പ്രവർത്തകർ, മത്സ്യ സംസ്‌കരണ യൂണിറ്റുകളിലെ വനിതകൾ- മത്സ്യകച്ചവടക്കാരായ സ്ത്രീകൾ, വനിത ലോട്ടറി വിൽപ്പനക്കാർ, വനിത ഹോട്ടൽ ജീവനക്കാർ, ഒറ്റപ്പെട്ട സ്ത്രീകൾ തുടങ്ങിയവരുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബറിൽ അഞ്ച് പബ്ലിക് ഹിയറിംഗുകൾ നടത്തും.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവന്നതപുരത്ത് യെല്ലോ അലർട്ട് ഉണ്ട്. ഓഗസ്റ്റ് 4 നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടുതൽ ആരോഗ്യ വാർത്തകൾക്ക് ഡോക്ടർ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post