ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അന്റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. കാല്‍സ്യത്തിന്റെ തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്‌നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും. അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദ്രോഗത്തിന് കാരണമാകാം. ഹൃദയധമനികളെ കട്ടിയാക്കാനും വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും അമിതമായ കാല്‍സ്യം നിക്ഷേപങ്ങള്‍ കാരണമാകാമെന്നും ഹൃദ്രോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ 24 വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോരുമില്ലാത്ത ആളുകള്‍ ചികിത്സ കഴിഞ്ഞു സംരക്ഷിക്കപ്പെടുന്ന ഒന്‍പതാം വാര്‍ഡില്‍ ഉച്ചഭക്ഷണം നല്‍കുന്ന രാമചന്ദ്രന്‍ പിള്ളയെ പ്രശംസിച്ചു ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവോണ ദിനത്തില്‍ ഉച്ചക്ക് ജനറല്‍ ആശുപത്രിയില്‍ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കാനെത്തിയപ്പോഴാണ് ആരോഗ്യമന്ത്രി രാമചന്ദ്രനെ കണ്ടത്. ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ നിശ്ശബ്ദസേവനത്തിനു മന്ത്രി നന്ദി രേഖപ്പെടുത്തി.
തിരുവോണ ദിവസം കുടുംബങ്ങള്‍ക്കൊപ്പം കഴിയാതെ കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാനും രോഗികളെ കാണുന്നതിനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലും ആരോരുമില്ലാത്തവര്‍ സംരക്ഷിക്കപ്പെടുന്ന ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും തിരുവോണദിനത്തില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തി. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കാണുകയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തതായി മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ് വെള്ളിയാഴ്ച കോടതിക്കു റിപ്പോര്‍ട്ടു നല്‍കും. 2017 നവംബര്‍ 30നു മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രഫസര്‍, ജൂനിയര്‍ റസിഡന്റ്, 2 നഴ്‌സുമാര്‍ എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്ളത്. അതേസമയം ഹര്‍ഷിനയുടെ പരാതി പ്രകാരം നിലവിലെ എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മാതൃശിശു സംരക്ഷണ കേന്ദ്രം മുന്‍ സൂപ്രണ്ട്, 2017, 2022 കാലത്ത് യൂണിറ്റ് മേധാവികളായിരുന്ന 2 ഡോക്ടര്‍മാര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കാനും തീരുമാനമായി.
നേരിയ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയെ ജയനഗര്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ക്ക് തളര്‍ച്ചയും അസ്വസ്ഥതയും നേരിട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും സൂക്ഷ്മ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എറണാകുളം, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനമാണ് ഹര്‍ഷിന നേരിടുന്നത്, അന്തര്‍നാടകങ്ങള്‍ നടക്കുന്നു എന്നും സലാം പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് ആരോഗ്യവകുപ്പ് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും സലാം ചോദിച്ചു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ ദേശീയ കൗണ്‍സില്‍ ഭാരവാഹികളായി കെ.ജി.എം. ഒ.എ മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരായ ഡോ. വിജയകൃഷ്ണന്‍ G.S ഉം ഡോ. റൗഫ് A K ഉം തിരഞ്ഞെടുക്കപെട്ടു. കെ ജി എം ഒ എ ഉള്‍പ്പടെ ഇരുപത്തിയാറു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ആഗസ്റ്റ് 25,26, 27 തിയ്യതികളിലായി മുംബൈയില്‍ വെച്ചു നടന്ന യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ഡോ. വിജയകൃഷ്ണനെ G.S ഫെഡറേഷന്റെ ദേശീയ വൈസ് പ്രസിഡണ്ടായും ഡോ. റൗഫ് A K ജോയിന്റ് സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.
ബോഡി ബില്‍ഡര്‍മാര്‍ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥയാവുകയാണ്. ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറായ 33 കാരി ലാരിസ ബോര്‍ജസ് ഹൃദയാഘാതം മൂലം അന്തരിച്ചതായി കുടുംബം വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തെ ഇത്രമേല്‍ സംരക്ഷിക്കുന്ന ബോഡി ബില്‍ഡര്‍മാര്‍ ഹൃദയാഘാത്തത്തിലൂടെ മരണത്തിന് കീഴടങ്ങുന്നതിനെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ബോഡിബില്‍ഡര്‍മാരുടെ സമാന രീതിയിലുള്ള മരണം നേരത്തെയും സൈബറിടങ്ങളില്‍ ചര്‍ച്ചയായിരുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post