ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി എടുക്കും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ല. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. നിയമ വിദഗ്ധരുടെ അഭിപ്രായവും കൂടി അറിഞ്ഞിട്ട് ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനാണ് ബ്ലോക്ക്തല എ.എം.ആര്‍ കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികളുടെ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാര്‍സാപ് നെറ്റുവര്‍ക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അംഗീകൃത ഡോക്ടറുടെ കുറുപ്പടിയില്‍ മാത്രമേ ആന്റിബയോട്ടിക് നല്‍കുകയുള്ളു എന്ന ബോര്‍ഡ് എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വിറ്റാമിന്‍ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. കോപ്പന്‍ ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും കോപ്പന്‍ ഹേഗന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. 24 നും 77 നും ഇടയില്‍ പ്രായമുള്ള നാലായിരം പേരില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അളക്കുന്ന സ്‌പൈറോമെട്രി പരിശോധന നടത്തി. വിറ്റാമിന്‍ കെയുടെ അളവ് കുറയുന്നത് അനുസരിച്ച് ശ്വാസകോശ ആരോഗ്യം കുറയുമെന്നും വിറ്റാമിന്‍ കെ കുറവുള്ളവര്‍ക്ക് ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസും ആസ്മയും ശ്വാസംമുട്ടലും ഉണ്ടാകുമെന്നും പഠനം പറയുന്നു. ഇആര്‍ജെ ഓപ്പണ്‍ റിസര്‍ച്ച് എന്ന ജോണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ച് ആരോഗ്യ റിപ്പോര്‍ട്ട് പുറത്തു വിട്ട് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ മരണത്തിനും രോഗങ്ങള്‍ക്കുമുള്ള പ്രധാനകാരണങ്ങളിലൊന്നാണ് സോഡിയത്തിന്റെ അമിതോപയോഗം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളില്‍പ്പെടുന്ന ഒന്നാണ് സോഡിയമെങ്കിലും അമിതമായി ഉപയോഗിച്ചാല്‍ ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. ഉപ്പില്‍ സോഡിയം കൂടിയ അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മര്‍ദം കൂട്ടുകയും ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുകയും ചെയ്യും
രാത്രിയില്‍ പലതവണ മൂത്രശങ്ക തോന്നുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്‌നമാകാമെന്ന് പഠനം. ലണ്ടനിലെ കിങ് എഡ്വാര്‍ഡ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പുരുഷന്മാരില്‍ സാധാരണ ഉണ്ടാകുന്ന രോഗമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്മാരിലെ പ്രത്യുല്‍പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകുന്നത്. സാവധാനത്തില്‍ വളരുന്നതിനാല്‍ തന്നെ മിക്കവരും പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടാറില്ല. അഞ്ചില്‍ ഒരാള്‍ വീതമേ ഈ രോഗാവസ്ഥയെക്കുറിച്ചു മനസ്സിലാക്കുന്നുള്ളൂ എന്നും പഠനം പറയുന്നു.
മാസത്തില്‍ 20 തവണയിലധികം സ്ഖലനം സംഭവിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നു പഠനം. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് പഠനത്തിന് പിന്നില്‍. 20 കളിലും 40 കളിലും പ്രായമുള്ള പുരുഷന്മാരില്‍ ആണ് രോഗസാധ്യത കുറയുന്നത്. പ്രോസ്റ്റേറ്റില്‍ നിന്നു കാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ നീക്കം ചെയ്യപ്പെടുന്നതു മൂലമാകാം തുടര്‍ച്ചയായ സ്ഖലനം പ്രോസ്റ്റേറ്റ് കാന്‍സറില്‍ നിന്ന് സംരക്ഷണമേകുന്നത്.
പാലക്കാട് വൈറല്‍ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. വൈറല്‍ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി കണ്ണില്‍ അണുബാധ കണ്ടുവരുന്നുണ്ട്. സാധാരണ നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകുമെന്നും അല്ലാത്തവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശമുണ്ട്. കണ്ണിലെ വൈറസ് ബാധയാണ് രോഗകാരണം. കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, അസ്വസ്ഥത, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സെപ്റ്റംബര്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ഥ്യമായെന്നും തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടിയില്‍ മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post