ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍. ആരോഗ്യ ഡയറക്ടറേറ്റിനു കീഴില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാജനറല്‍ ആശുപത്രികള്‍ വരെയുള്ള ഡോക്ടര്‍മാര്‍ക്കാണ് നിയന്ത്രണം. ഇതിനായി നിലവിലെ നിയമം കര്‍ശനമാക്കും. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം നടന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ഡ്യൂട്ടി സമയം കഴിയാതെയും അവധിയെടുത്തുമുള്ള സ്വകാര്യ പ്രാക്ടിസ് തടയുക, ആശുപത്രിക്കു മുന്നില്‍ കെട്ടിടം വാടകയ്‌ക്കെടുത്തുള്ള സ്വകാര്യ പ്രാക്ടിസ് വിലക്കുക, ഒരു ആശുപത്രിയില്‍ ജോലി ചെയ്യവെ മുന്‍പു ജോലി ചെയ്തിരുന്ന ആശുപത്രിക്കടുത്ത് സ്വകാര്യ പ്രാക്ടിസ് തുടരുന്നതു തടയുക, സര്‍ജറി ഡോക്ടര്‍മാര്‍ക്കു പ്രത്യേക മാനദണ്ഡം നിശ്ചയിക്കുക എന്നിവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍. സ്വകാര്യ പ്രാക്ടിസിനു വിലക്കുള്ള മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തിന്റെ 20% തുക നോണ്‍ പ്രാക്ടിസിങ് അലവന്‍സുണ്ട്. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ നാലായിരത്തിലധികം ഡോക്ടര്‍മാര്‍ക്കുകൂടി ഈ അലവന്‍സ് നല്‍കുന്നത് സര്‍ക്കാരിനു വലിയ ബാധ്യതയാകുമെന്ന വിലയിരുത്തലുമുണ്ട്.
വയനാട് ജില്ലയില്‍ കായികാധ്വാനം കൂടുതല്‍ ചെയ്യാന്‍ കഴിയാത്ത അരിവാള്‍ രോഗികളോട് സര്‍ക്കാറിന്റെ അവഗണയെന്ന് ആരോപണം. ജില്ലയില്‍ സര്‍ക്കാറിന്റെ കണക്കില്‍ 1080 അരിവാള്‍ രോഗികളാണ് ഉള്ളത്. ഇതില്‍ ജനറല്‍ വിഭാഗത്തിലുള്ള 189 പേര്‍ക്ക് കഴിഞ്ഞ ഒമ്പത് മാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നാണ് പരാതി. എസ്ടി വിഭാഗത്തിനും കൃത്യമായ പെന്‍ഷമായി വിതരണം ചെയ്യുന്നില്ല. ജനറല്‍ വിഭാഗത്തിന് 2000 രൂപയും എസ്ടി വിഭാഗത്തിന് 2500മാണ് പ്രതിമാസ പെന്‍ഷന്‍. ഈ തുകയാണ് സര്‍ക്കാര്‍ മാസങ്ങളായി കുടിശ്ശികയാക്കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുവിഭാഗത്തിലെ രോഗികളില്‍ നിന്നും സര്‍ക്കാര്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
കാര്‍ഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകള്‍ പണിമുടക്കിയതു മൂലം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നതായി ആരോപണം. പ്രതിദിനം 40 ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല. എന്നാല്‍ കിഫ്ബിയില്‍ 32 കോടി രൂപ ലഭ്യമായിട്ടുണ്ടെന്നും ഡിസംബറിനകം പ്രശ്‌നം പരിഹരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 1997 ല്‍ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമെത്തിയതാണ് നിലവിലുള്ള എസി പ്ലാന്റ്.
നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരന്‍ അച്ഛന്‍ സെല്‍വശേഖറുമാണ് ആത്മഹത്യ ചെയ്തത്. പരാജയപ്പെട്ടതോടെ മകന്‍ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാന്‍ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെല്‍വശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ രാജ്ഭവന്റെ 13-ാം നമ്പര്‍ ഗേറ്റിന് സമീപം റോഡരികില്‍ ഗര്‍ഭിണി പ്രസവിച്ചു. പ്രസവിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഞാഴറാഴ്ചയായിരുന്നു സംഭവം. ആംബുലന്‍സ് വിളിച്ചിട്ടും കിട്ടാതെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോയ യുവതിക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. അതേസമയം, ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവം സ്ഥിരീകരിച്ചു. ആംബുലന്‍സ് വൈകിയതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചെറിയ വീഴ്ച കണ്ടെത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള മരുന്ന് കുത്തിവെച്ചെന്ന പരാതിയില്‍ താല്‍ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ നഴ്‌സിന് വീഴ്ച്ച സംഭവിച്ചെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷന്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇഞ്ചക്ഷണന്‍ നല്‍കിയതും വീഴ്ച്ചയാണ്. എന്നാല്‍ നഴ്‌സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. വീഴ്ച ആവര്‍ത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
രാജ്യത്ത് മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം അവയവ മാറ്റത്തിനായി പേരു നല്‍കി കാത്തിരിക്കുന്നത് 3000 ത്തിലധികം പേരും രാജ്യത്ത് മൂന്നു ലക്ഷം പേരുമാണ്. അവയവമാറ്റം നടക്കാത്തതിനാല്‍ പ്രതിദിനം രാജ്യത്ത് 20 പേരെങ്കിലും മരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണാനന്തര അവയവദാനം കുറയുന്നത് ഒരുപാടു പേരുടെ ജീവിതവും, പ്രതീക്ഷയുമാണ് ചോദ്യത്തിലാക്കുന്നത്. കേരളത്തില്‍ 51 ആശുപത്രികളിലാണ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രീയ നടക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത് ആറെണ്ണം മാത്രമാണ്.
ആനപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത, സംസ്ഥാനത്ത് ആനകള്‍ക്ക് വേണ്ടി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജദിനാചരണം കൊല്ലം പുത്തന്‍കുളം ആനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടാനകളുടെ എണ്ണം 600 ല്‍ നിന്ന് 416 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആനയൂട്ടും ആന നീരാട്ടും നടത്തി.
കേരളത്തില്‍ 40 വയസ്സിനു താഴെയുള്ളവരില്‍ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചു. 40 വയസ്സില്‍ താഴെയുള്ള ഹൃദ്രോഗ ബാധിതര്‍ 5 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 10% മുതല്‍ 15% വരെ ആയിട്ടുണ്ട്. ജീവിതശൈലിയില്‍ കാര്യമായ മാറ്റം ഇല്ലാത്തതിനാല്‍ ഈ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കും. 30 വയസ്സിനു താഴെ ഹൃദ്രോഗികള്‍ ആകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഹൃദയാഘാത സാധ്യത 60 വയസ്സിനു മുകളിലാണെങ്കില്‍ ഇന്ത്യയില്‍ അതു പുരുഷന്മാര്‍ക്ക് 50 വയസ്സും സ്ത്രീകള്‍ക്ക് 60 വയസുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 18 പേര്‍. പത്ത് സ്ത്രീകളും എട്ട് പുരുഷന്‍മാരുമാണ് മരിച്ചത്. ഇവരില്‍ 12 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്. കൂട്ടമരണത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചംഗ ഉന്നതതല സമിതിയും അന്വേഷിക്കും. പ്രായാധിക്യവും രോഗതീവ്രതയും കാരണമാണ് മരണമുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post