നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ വീഴ്ച സംഭവിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. അര നൂറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള ആലപ്പുഴ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പുതിയ ബാച്ചിലേക്കുള്ള 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് അംഗീകാരം നഷ്ടമായത്. ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്‍സിന്‍സിന്റെയും കുറവാണ് അംഗീകാരം നഷ്ടമാകാന്‍ കാരണമെന്നാണ് വിവരം. കോഴിക്കോട്, തൃശ്ശൂര്‍ , പരിയാരം മെഡിക്കല്‍ കോളേജുകളിലെ ചില പിജി സീറ്റുകളും നഷ്ടമായി. അതേസമയം സീറ്റുനഷ്ടം ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തെ ബാധിക്കാതിരിക്കാനുള്ള നടപടകിള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി, ജനറല്‍ നഴ്സിംഗ് കോഴ്സുകളില്‍ ഓരോ സീറ്റ് വീതമാണ് സംവരണം അനുവദിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അതിന്റെ തുടര്‍ച്ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലഹരികേസുകളിലെ തടവുകാര്‍ക്ക് ഇനി മുതല്‍ പരോള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം. ലഹരിക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ജയില്‍ ചട്ടം ഭേദഗതി ചെയ്തത്. ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ എത്തുന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കുക പതിവുണ്ടായിരുന്നില്ല. തടവുകാര്‍ക്ക് ലഭിക്കേണ്ട നീതി നിക്ഷേധം ചൂണ്ടികാട്ടി മയക്കുമരുന്നില്‍ ശിക്ഷിക്കപ്പെട്ട ചില തടവുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ലഹരിക്കേസിലെ തടവുകാര്‍ക്കും പരോളും അടിയന്തര പരോളും ലഭിച്ചു തുടങ്ങിയത്. എന്നാല്‍ ഇനിമുതല്‍ ലഹരികേസിലെ തടവുകാര്‍ക്ക് ഒരു തരത്തിലുള്ള അവധിയും നല്‍കേണ്ടതില്ലെന്നാണ് പുതിയ ഭേദഗതി. സംസ്ഥാനത്തെ ജയിലുകളില്‍ ലഹരി കേസില്‍ ശിക്ഷിച്ച 452 തടവുകാരാണ് ഉള്ളത്.
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് യു.എന്‍ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ. പഠനത്തില്‍ മുന്നേറുന്നതിനൊപ്പം സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അമിതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം പഠനവൈകല്യത്തിനൊപ്പം മാനസിക വൈകല്യത്തിനും കാരണമാകുന്നതായും യുനൊസ്‌കോ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് സിക്കിം. കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ജീവനക്കാര്‍ക്ക് ഇതുവഴി കൂടുതല്‍ അവസരം ലഭിക്കുമെന്നും പ്രസവാവധിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പ്രേം സിങ് വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post