നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
ചരിത്രത്തില്‍ ആദ്യമായി കോവിഡ് കൊവിഡ് കേസുകളില്‍ പൂജ്യം തൊട്ട് കേരളം. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് സംസ്ഥാനത്ത് പൂജ്യം ആകുന്നത്. കേരളത്തില്‍ നിലവില്‍ 1033 ആക്റ്റീവ് കൊവിഡ് കേസുകളാണുള്ളത്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഈ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പില്‍ നാളെ മുതല്‍ ഒരു ജില്ലയിലും നിലവില്‍ ജാഗ്രത മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് 6 പനിമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എന്‍1 ബാധിച്ചതിനെ തുടര്‍ന്നാണെന്നും മറ്റ് നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നും സംശയിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 127 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കൂടുതല്‍ മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തീരദേശ മേഖലകളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും ജില്ലാ കളക്ടര്‍ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുന്നു. ജില്ലയില്‍ 58 ക്യാമ്പുകളിലായി 1097 കുടുംബങ്ങളില്‍ നിന്നും 3730 പേരാണുള്ളത്.
കുട്ടനാടന്‍ മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായാണ് ആംബുലന്‍സിന് ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളുടെ സേവനം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ വഴി നടത്തുന്നുണ്ട്.
ലോകത്തെ സ്വപ്ന നഗരങ്ങളില്‍ ഒന്നായ ദുബായ് നഗരത്തിലെ താമസക്കാരില്‍ കുട്ടികളിലുള്‍പ്പെടെ അമിതവണ്ണം കൂടുതലായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. ജീവിതശൈലി, സാമൂഹിക സാഹചര്യങ്ങള്‍, ഭക്ഷണം എന്നിവയാണ് അമിതവണ്ണമുള്ളവരുടെ എണ്ണം കൂടാന്‍ കാരണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലൈഫ് ഹെല്ത്കെയര് ഗ്രൂപ്പ് ദുബായ് നഗരത്തില്‍ സംഘടിപ്പിച്ച കണ്ടിന്യൂയിങ് മെഡിക്കല്‍ എജ്യുക്കേഷന്‍ കോണ്‍ഫറന്‍സിലാണ് ആരോഗ്യവിദഗ്ധര്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ കോണ്‍ഫെറെന്‍സില്‍ പങ്കെടുത്തു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി doctorlivetv സബ്സ്ക്രൈബ് ചെയ്യുക
Discussion about this post