രോഗമുണ്ടെന്ന കാരണത്താല്‍ ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് വയ്ക്കുന്നത് ഒഴിവാക്കാനാവില്ലെന്നും ഐഐ ക്യാമറയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും ഹൈക്കോടതി. ഹെല്‍മെറ്റ് വെയ്ക്കുന്നതില്‍ മെഡിക്കല്‍ കാരണങ്ങളാല്‍ ഇളവ് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ വി.വി മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. എഐ ക്യാമറകള്‍ സ്ഥാപിച്ച സാഹചര്യത്തില്‍, കടുത്ത തലവേദനയ്ക്ക് ചികിത്സ തേടുന്ന ദമ്പതികള്‍ തലയില്‍ ഭാരമുള്ള ഹെല്‍മെറ്റ് വയ്ക്കുന്നതില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ഇന്നലെ നാലുപേര്‍ക്കുകൂടി ജീവന്‍ നഷ്ടമായതോടെ ഈവര്‍ഷം സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 36 ആയി. ഇതില്‍ ഒമ്പതുപേരില്‍ മാത്രമാണ് ഡങ്കിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 27പേരില്‍ ഡങ്കിപ്പനി ലക്ഷണങ്ങള്‍ വ്യക്തമായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 11 മരണങ്ങള്‍ സംഭവിച്ചതും ആശങ്കാജനകമാണ്.
സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 60 കുട്ടികളെ കണ്ടെത്താന്‍ പോലീസിന് ഇനിയും സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാണാതായവരില്‍ 42പേര്‍ ആണ്‍ കുട്ടികളും 18പേര്‍ പെണ്‍കുട്ടികളുമാണ്. അന്വേഷണം നടക്കുന്ന കേസുകളില്‍ 6 കേസുകള്‍ അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പനി ബാധിതരായ കുട്ടികളെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ സ്‌കൂളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭാ്യസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്ക് നിര്‍ബന്ധമായും ചികിത്സ ഉറപ്പാക്കാന്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, രോഗ ലക്ഷണങ്ങളുമായി സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. അടൂര്‍ പ്രകാശ് എംപിയുടെ കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പിന്നോക്ക ജില്ലകളെ ലക്ഷ്യമിട്ടാണ് പദ്ധതിയുടെ ആദ്യഘട്ടം. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കേരളത്തെ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ലഹരി ആരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു വിഭാഗം അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിര്‍മ്മാതാക്കള്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസി അടക്കമുള്ള ചില യുവ താരങ്ങള്‍ സംഘടനയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷിച്ചിരുന്നു. ലഹരി ഉപയോഗം അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഇവരുടെ അംഗത്വം സ്വീകരിക്കണോ എന്നത് എക്‌സിക്യൂട്ടീവ് യോഗം ഇന്ന് പരിഗണിക്കും.
ഇന്ത്യയില്‍ പോഷകാഹാര കുറവ് ആശങ്കാജനകമാണെന്ന് ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. 2023ലെ ഗ്ലോബല്‍ ഫുഡ് പോളിസിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യം.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post