നോക്കാം ഈ മണിക്കൂറിലെ ഏറ്റവും സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
കണ്ണൂര്‍ മുഴുപ്പിലങ്ങാടി സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. റഷ്യയിലെ സ്മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ പ്രത്യുഷ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 24 വയസ്സായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം തടാകം കാണാന്‍ പോകുന്നതായി പ്രത്യുഷ ബന്ധുക്കളെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മകളുടെ എംബിബിഎസ് ബിരുദനേട്ടം ആശുപത്രി സേവനത്തിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയ്ക്ക് സമര്‍പ്പിച്ച് നടന്‍ ബൈജു സന്തോഷ്. മകള്‍ ഐശ്വര്യ സന്തോഷിനു Dr. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും MBBS ബിരുദം ലഭിച്ചുവെന്നും ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായു, അകാലത്തില്‍ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നുവെന്നും ബൈജു ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
മിമിക്രിതാരം മഹേഷ് കുഞ്ഞുമോന് സ്വാന്ത്വനമേകി എം.എല്‍.എ ഗണേഷ് കുമാറിന്റെ സന്ദര്‍ശനം. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും, എത്രവലിയ തുക ചിലവാകുന്ന ചികിത്സയാണെങ്കിലും പണത്തിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ഒരു ചേട്ടന്റെ സ്ഥാനത്ത് താന്‍ ഉണ്ടായിരിക്കുമെന്നും ഗണേഷ്‌കുമാര്‍ മഹേഷ് കുഞ്ഞുമോന് ഉറപ്പുനല്‍കി. മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചത്.
അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി മോഷണത്തിന് ശ്രമിച്ച പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ നഴ്‌സിന്റെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റില്‍. അസുഖമാണെന്നുപറഞ്ഞ് ഒരു സ്ത്രീക്കൊപ്പമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉണ്ണി എത്തിയത്. തുടര്‍ന്ന് നഴ്‌സിന്റെ കണ്ണുവെട്ടിച്ച ഇയാള്‍ ഇഞ്ചക്ഷന്‍ റൂമില്‍കയറി സിറിഞ്ചുകള്‍ മോഷ്ടിച്ചു. സംഭവം ശ്രദ്ധിയില്‍പ്പെട്ട നഴ്‌സ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിനായാണ് ഉണ്ണിക്കുട്ടന്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്നാണ് വിവരം.
നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ആ”ശ്വാസം” പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു. മമ്മൂട്ടി ഫാന്‍സ് & വെല്‍ഫയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാകമ്മിറ്റിയും മഞ്ചേരി, പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂര്‍ക്കാട് പാലിയേറ്റീവ് ക്ലിനിക്കുകള്‍ക് കീഴിലുള്ള കിടപ്പ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‌ട്രേറ്റര്‍ സൗജന്യമായി നല്‍കി.
മറയൂരില്‍ സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രീയ വിജയകരം. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ കലിന് കീഹോള്‍ ശസ്ത്രക്രീയയാണ് നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെയെങ്കിലും വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബസിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ കാലിന്റെ ലിഗമെന്റിനാണ് പരിക്കേറ്റതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വാക്‌സിന്‍ എടുക്കുന്നതുമൂലം ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ വ്യാപകമായ ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നുവെന്നും, പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാതെയാണ് അനുമതി നല്‍കിയതെന്നുമുള്ള ആരോപണങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഗവേഷണം ആരംഭിച്ചിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ നാളെ ഒരു ജില്ലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി അടക്കമുള്ള മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കുക.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയര്‍ന്നുതന്നെ. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, എറണാകുളം കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് പനി ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. ഡങ്കിപ്പനി ലക്ഷണങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു പനിയും നിസ്സാരമായി കാണരുതെന്നും, സ്വയചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചു. ദിശ കോള്‍സെന്ററിന്റെ സേവനം വിപുലപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉള്‍പ്പെടുത്തി കോള്‍സെന്റര്‍ സജ്ജമാക്കിയത്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും ദിശ കോള്‍സെന്റര്‍ സേവനം ലഭ്യമാണ്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post