ജനങ്ങളെ വലച്ച് പകര്‍ച്ചപ്പനിയും തെരുവുനായ ആക്രമണവും, നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍.
സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമായി തുടരുന്നതിനാല്‍ അക്രമികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും സംസ്ഥാനത്ത് നിലവില്‍ 20 എബിസി കേന്ദ്രങ്ങളിലാണ് വാക്സിന്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ നിരീക്ഷണത്തില്‍ തുടരുന്ന നായ ഇന്നലെ ചത്തു. കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായി വൈക്കത്ത് പതിനാല് പേരെ ആക്രമിച്ച തെരുവ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു. ഇവിടെ നിരീക്ഷണത്തില്‍ തുടരുമ്പോഴാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം അക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്നു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 21 ദിവസത്തിനിടെ 1,211 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. മിക്ക ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ സ്വകാര്യ ആശുപത്രികളോട് പനി ബാധിതര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപെട്ടു.
സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി പരിശോധനകള്‍ വര്‍ധിപ്പിക്കണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണമെന്നും, ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും, വീട്ടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കുക, ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം എന്നിവ തടയണമെന്നും, തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ പരാതി നല്‍കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കെതിരെ കൗണ്‍സില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. രജിസ്റ്റേര്‍ഡ് ഡെന്റിസ്റ്റുമാരുടെ പേരു വിവരം www.dentalcouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കളമശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഇതിനായി മെഡിക്കല്‍ കോളേജിനു സമീപത്തെ കിന്‍ഫ്രയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ആണ്. ഡെങ്കിപ്പനി, എലിപ്പനി മരണം വര്‍ദ്ധിക്കുന്നതും ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നുണ്ട്. കാലവര്‍ഷം സജീവമാകും മുമ്പ് പനി മരണം വര്‍ദ്ധിക്കുന്നത് പരിശോധിക്കണമെന്നും, മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണം കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടിയെടുക്കണമെന്നും വി.ഡി. സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.
പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. 40-നും 69-നും ഇടയില്‍ പ്രായമായവരില്‍ നിന്നും വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ലീപ്പ് ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് റിപ്പബ്ലിക് ഓഫ് ഉറുഗ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ അഭിപ്രായത്തില്‍ പവര്‍ നാപ്‌സ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഠനത്തിനായി, 35,080 ആളുകളുടെ ഡിഎന്‍എ സാമ്പിളുകളും ബ്രെയിന്‍ സ്‌കാനുകളും വിശകലനം ചെയ്യാനായി ഗവേഷകര്‍ മെന്‍ഡലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. നാപ്പര്‍മാരും അല്ലാത്തവരും തമ്മിലുള്ള മസ്തിഷ്‌ക വലുപ്പത്തിന്റെ വ്യത്യാസത്തെ കുറിച്ചും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പകല്‍ ഉറക്കം പ്രായമാകുന്തോറും തലച്ചോര്‍ ചുരുങ്ങുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രതിദിനം 30 മിനിറ്റ് നേരം ഉറങ്ങുന്നത് മസ്തിഷ്‌ക ചുരുങ്ങല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post