ഡോക്ടര്‍ലൈവ് ആരോഗ്യ വാര്‍ത്തകളിലേയ്ക്ക് പ്രീയ പ്രേക്ഷകര്‍ക്ക് സ്വാഗതം, നോക്കാം ആരോഗ്യമേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട്‌ചെയ്ത ഏറ്റവും സുപ്രധാന വാര്‍ത്തകള്‍ വളരെവേഗത്തില്‍,
മലപ്പുറത്ത് 13 വയസ്സുകാരന്‍ മരിച്ചത് എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരണം. കുറ്റിപ്പുറം പൈങ്കണ്ണൂര്‍ സ്വദേശി ഗോകുല്‍ദാസ് ആണ് മരിച്ചത്. പനിമൂലം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, ഈ മാസം പനി ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു.
പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന മഹേഷ് ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തി. മൂക്കിനേറ്റ ക്ഷതം ശബ്ദത്തെ ബാധിച്ചതായും, എന്നാല്‍ താന്‍ തളരില്ലെന്നും മടങ്ങിവരുമെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനും അനുബന്ധ സേവനങ്ങള്‍ക്കും കൈക്കൂലി വാങ്ങുന്നതായ ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊതിഞ്ഞു നല്‍കുന്നതിന് സെക്യൂരിറ്റി ജീവനക്കാരന്‍ 1000 രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം. സംഭവത്തില്‍ ജനപ്രതിനിധി നല്‍കിയ പരാതിയില്‍ ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും 13,000 കടന്ന് പനി ബാധിതരുടെ എണ്ണം. ഇന്നലെ 13,258 പേര്‍ വിവിധ ജില്ലകളില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. കൊല്ലം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ആള്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. പനി ബാധിച്ച രോഗികളുടെ എണ്ണത്തില്‍ നാലു ദിവസത്തിനിടെ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് പനിമരണം തുടരുന്നു. തൃശ്ശൂരില്‍ പനി ബാധിച്ച് ചികിത്സയില്‍കഴിഞ്ഞ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ്‌ക് ആണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ ബാധിച്ചത് ഡങ്കിപ്പനി ആണെന്നാണ് സൂചനകളെങ്കിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പരിധിയിലുള്ള വാര്‍ഡുകള്‍ സമ്പൂര്‍ണ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ പങ്കാളികളാകണം. വാര്‍ഡില്‍ യോഗം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാകണം. രോഗബാധിതരായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നാല് ദിവസം കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ജീവിത ശൈലികൊണ്ട് മാത്രമല്ല, ജനിതക തകരാറുകള്‍ മൂലവും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. ജനിതക തകരാര്‍ മൂലം കൊളസ്‌ട്രോള്‍ വന്നവര്‍ക്ക് ഭക്ഷണശൈലി മാറ്റിയാലോ വ്യായാമം ചെയ്താലോ കൊളസ്‌ട്രോള്‍ കുറഞ്ഞേക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരക്കാരില്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കണമെങ്കില്‍ മരുന്ന് കഴിക്കുക എന്നതാണ് പോംവഴി. ക്രോമസോം 19ല്‍ വരുന്ന ചില ജനിതക തകരാറുകളാണ് ചിലരില്‍ കുടുംബപരമായ ഇത്തരം ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണമാകുന്നത്. കൂടാതെ ഇത്തരം ജനിതക തകരാറുകള്‍ ഹൃദ്‌രോഗ സാധ്യതയിലേയ്ക്കും നയച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post