ദേശിയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് നാല്പത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശിയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ദന്തൽ കോളേജുകളിൽ തിരുവനന്തപുരം ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം റാങ്ക് നേടി. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളത്ത് വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപ്പന നടത്തിയ ദമ്പതികൾ ഉൾപ്പടെ 3 പേർ പിടിയിൽ. വൈപ്പിൻ സ്വദേശിയായ ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്തായ കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പോലീസ് പിടിയിലായത്. എക്സൈസിന് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോൾ 20 കിലോ കഞ്ചാവാണ് പിടികൂടിയത്. വീടിന് സമീപം എക്സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എക്സൈസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും സംഘം രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടിലുണ്ടായിരുന്നവരെ എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് കാലാവർഷമെത്തിയതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. എറണാകുളം, കൊല്ലം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈവർഷം ഇതുവരെ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ആകെ 68 പേർ മരിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 4,939 പേർ ചികിത്സ തേടി. ഇതിൽ 1,805 പേർക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ പ്രത്യേക പോഷകഗുണമുള്ള ഭക്ഷ്യവസ്തുവായ ന്യൂട്രാ സ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലൈഫ് സയൻസ് പാർക്കിൽ ലഭ്യമായ 5 ഏക്കർ സ്ഥലം മികവിന്റെ കേന്ദ്രത്തിനായി മാറ്റിവെയ്ക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ കേന്ദ്രത്തിലെ റിസർച്ച് ആന്റ് ഇന്റസ്ട്രി ഇന്റർഫെയ്‌സ് ഡിവിഷന്റെ ചുമതല ഏൽപിക്കും. പോഷക ഗുണമുള്ള ന്യൂട്രാ സ്യൂട്ടിക്കൽസ് ഭക്ഷണ വസ്തുക്കളേക്കാൾ ആരോഗ്യഗുണമുള്ളവയാണ്. കുറഞ്ഞ പാർശ്വഫലങ്ങളും പ്രകൃതിജന്യ വസ്തുകളിൽ നിന്നുള്ള ഉൽഭവവും ഇവയെ കൂടുതൽ ആകർഷകവും സ്വീകാര്യവുമാക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അലർജികൾ, അൽഷിമേഴ്‌സ്, ഹൃദ്രോഗം, ക്യാൻസർ, പൊണ്ണത്തടി, പാർക്കിൻസൺസ്, നേത്രരോഗം തുടങ്ങിയവയ്‌ക്കെതിരെയും ന്യൂട്രാ സ്യൂട്ടിക്കൽസ് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളം ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് ആയതിനാൽ ആഗോളതലത്തിൽ മികച്ച വിദേശ നാണ്യവും തൊഴിൽ സാധ്യതയും സൃഷ്ടിക്കുന്നതിന് വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിർമ്മാർജ്ജനത്തിനായുള്ള നിരവധി പ്രവർത്തനങ്ങൾ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് ജനങ്ങളുടെ പൂർണ്ണപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പൊതുയിടങ്ങളിൽ മാലിന്യ നിക്ഷേപം തടയുന്നതിന് നിയമനടപടികൾ ശക്തമാക്കുമെന്നും, ഉറവിട മാലിന്യ സംസ്‌ക്കരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കാനാണ് സർക്കാർ ലക്ഷ്യം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വാരാചരണത്തിന് തുടക്കം. കോളേജ് യൂണിയൻ, നാഷണൽ സർവ്വിസ് സ്കീം എന്നിവയുടെയും മാനസിക രോഗ ചികിത്സാ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മെഡിക്കൽ കോളേജിൽ പുതിയതായി ഒരുക്കിയ വെൽനെസ്സ് ഗാർഡനിൽ ആദ്യ വൃക്ഷതൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലേക്കും ഡിപ്പാർട്മെന്റിലേക്കും തുണി സഞ്ചികളും പേപ്പർ ബാഗുകളും വിതരണം നടത്തുമെന്നും, കോളേജ് ക്യാമ്പസിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തു മെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ റിന്യൂവബിള്‍ പാര്‍ക്ക് കളമശേരിയില്‍ ആരംഭിക്കും. പുനരുപയോഗിക്കാവുന്ന വസ്തുക്കളും സൗരോര്‍ജ്ജവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ് റിന്യൂവബിള്‍ പാര്‍ക്ക്. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ട്രീ, സോളാര്‍ ബഞ്ചുകള്‍ തുടങ്ങിയവ റിന്യൂവബിള്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായിരിക്കും. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കലാനിര്‍മ്മിതികള്‍, ഇരിപ്പിടങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, കുട്ടികള്‍ക്കുള്ള വിനോദോപാധികള്‍ എന്നിവ പാര്‍ക്കിലുണ്ടാകും. കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടീല്‍ പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ തിരുവനന്തപുരം എസ്.എ.ടി., കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്ന് ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി.
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Discussion about this post