നോക്കാം സുപ്രധാന ആരോഗ്യവാർത്തകൾ
ആരോഗ്യ സ്ഥാപനങ്ങളില്‍ കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കികൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും പ്രത്യേക പരിപാടികളും ആരോഗ്യവകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനും ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പരിസ്ഥിതി ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. #BeatPlasticPollution എന്ന ക്യാമ്പയിനിലൂടെ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ തേടുകയും നടപ്പിലാക്കുകയും അവയെകുറിച്ചുള്ള ബോധവവല്‍ക്കരണവും ലക്ഷ്യമിട്ടുള്ളതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.
പുകവലി ഹൃദയാഘാതം, ശ്വാസകോശ അർബുദം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം അന്ധതക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. പുകവലി, മക്യുലാർ ഡീജനറേഷൻ, തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് അഞ്ചരവർഷം നേരത്തെ മക്യുലാർ ഡീജനറേഷൻ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. സിഗരറ്റ് വലിക്കുമ്പോൾ, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കണ്ണിലെ എല്ലാ ഭാഗങ്ങളും മങ്ങി കാഴ്ചയെ മറയ്ക്കുകയും കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ വരുകയും ചെയ്യും. കാഴ്ച മങ്ങുക,നിറങ്ങൾ വ്യക്ത്മായും കൃത്യമായും കാണാൻ പറ്റാതെ വരുക, രാത്രിയിൽ കാണാൻ പ്രയാസം, മുഖങ്ങൾ തിരിച്ചറിയാൻ പ്രയാസം എന്നിവയാണ് നേത്ര രോഗ ലക്ഷണങ്ങൾ.
തൃശൂർ കൂനംമൂച്ചിയില്‍ പതിനേഴര ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി സുരഭി, കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ എംഡിഎംഎയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു. ലഹരി വില്‍പന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തും എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. അമ്പലത്തിന്‍കാല സ്വദേശികളായ കിരണ്‍കുമാര്‍, നിവിന്‍.എസ്.സാബു എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും അമ്പലത്തിന്‍കാല ഭാഗത്തും നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
അമ്പത് വ്യത്യസ്ത തരത്തിലുള്ള കാൻസറുകളെ സ്ഥിരീകരിക്കാൻ കഴിയുന്ന ബ്ലഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്ത് കാലിഫോർണിയയിൽ നിന്നുള്ള ഗ്രെയിൽ കമ്പനി. അമ്പതിനായിരത്തോളം പേരിൽ നടത്തിയ ഗാലെരി ബ്ലഡ് ടെസ്റ്റിലാണ് കാൻസർ സ്ഥിരീകരണം സാധ്യമായതെന്ന് കമ്പനി വ്യക്തമാക്കി. ലക്ഷണങ്ങൾ പ്രകടമായിരുന്നവരിൽ നടത്തിയ ബ്ലഡ് ടെസ്റ്റിൽ 85 ശതമാനത്തോളം സ്ഥിരീകരണം വിജയകരമായിരുന്നു. സിംപ്ലിഫൈ എന്ന പേരിൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രക്തത്തിൽ ട്യൂമർ ഡി.എൻ.എ.യുടെ സാന്നിധ്യം പ്രകടമായി എന്നാണ് പഠനത്തിൽ പറയുന്നത്. കാൻസർ ബാധിച്ച ഭാഗം ഉൾപ്പെടെ കൃത്യമായി തിരിച്ചറിയാൻ ഇത് ഡോക്ടർമാരെ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. പതിനെട്ടും അതിനു മുകളിലും പ്രായമുള്ള 6,238 രോഗികളിലാണ് ടെസ്റ്റ് നടത്തിയത്.
എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി. കളമശ്ശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചാണ് ജനകീയ ക്യാമ്പയിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചത്. തുടർന്ന് പുതുശ്ശേരി മല, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് തുടങ്ങിയ ഇടങ്ങളിൽ മന്ത്രി നേരിട്ട് എത്തി ആക്രിസാധനങ്ങൾ ശേഖരിക്കുകയും വീടുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചും നിരന്തര പോലീസ് പട്രോളിങ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കും.
ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ച സ്ഥലങ്ങളിൽ ഓപ്പൺ ജിം, ഓപ്പൺ പാർക്കുകൾ എന്നിവ സജ്ജീകരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും എൽ.പി ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ ചിത്രകലാരൂപത്തിൽ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ബി.പി.സി.എല്ലിന്റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയിൽ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകൾ വർധിക്കുന്നതായി പഠനം. ‘JAMA പീഡിയാട്രിക്‌സ്’ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2016 മുതല്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ മെറ്റബോളിക് സര്‍ജറികളുടേയും ബാരിയാട്രിക് സര്‍ജറികളുടേയും എണ്ണം കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്. 2020 നും 2021നുമിടയ്ക്കുള്ള കാലഘട്ടത്തിൽ ചെറുപ്പക്കാർക്കിടയിലുള്ള ഭാരം കുറയ്ക്കല്‍ സര്‍ജറികളുടെ എണ്ണം 19 ശതമാനം കൂടി എന്നാണ് കണ്ടെത്തൽ.
ഒമ്പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതയായിരുന്ന സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. സാവിത്രി ദേവി എന്ന 51 വയസ്സുകാരിയുടെ തലച്ചോറിലാണ് പേസ്മേക്കര്‍ അഥവാ ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷന്‍ ഇംപ്ലാന്റ് ചെയ്തത്. തുടക്കത്തില്‍ വിറയലും ചലനങ്ങള്‍ക്ക് നേരിയ തടസ്സവും മാത്രമായിരുന്നു സാവിത്രിയില്‍ പ്രകടമായിരുന്ന ലക്ഷണങ്ങള്‍. എന്നാല്‍, പിന്നീട് നില വഷളാവുകയായിരുന്നു. തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന പുതിയ തരം ശസ്ത്രക്രിയയാണ് ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷനെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. തലച്ചോറിന്റെ ഇരുവശങ്ങളിലേക്കുമായി രണ്ട് ഇലക്ട്രോഡുകള്‍ കടത്തിവിടുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.
ജൂൺ ഏഴ് വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ ഏഴിന് കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ജൂൺ എട്ടിന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അല്പംകൂടി വൈകി ജൂൺ എട്ടിനു മുമ്പ് എത്തുമെന്നാണ് പുതിയ പ്രവചനം. അറബിക്കടലിൽ നാളെ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവർഷത്തിന്റെ വരവും ശക്തിയും. എട്ടിന് മുൻപ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കാലവർഷം എത്തണമെങ്കിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയും മാലദ്വീപ്, ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാവുകയും വേണം. നിലവിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി doctorlive tv സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post