നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. ആശുപത്രിയിൽ എത്തിച്ച യുവാവിന് ആറര മണിക്കൂറോളം മതിയായ ചികിത്സ ലഭിച്ചില്ലായെന്നാണ് ആരോപണം. വേദനസംഹാരി നല്‍കി കോറിഡോറിലേയ്ക്ക് മാറ്റിക്കിടത്തിയെന്നും ബോധം നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് ഡോക്ടര്‍ തിരിഞ്ഞു നോക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഗിൽജിത്താണ് മരിച്ചത്. ഗിൽജിത്ത് സഞ്ചരിച്ച ബൈക്ക് കൊല്ലത്ത് വെച്ച് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ഒന്നരമാസമെടുക്കുമെന്ന് മറുപടി ലഭിച്ചതായും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ചികില്‍സാനിഷേധം സംബന്ധിച്ച പരാതിയൊന്നും ലഭിച്ചില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ മറുപടി.
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധയെന്നു റിപ്പോർട്ട്. വയനാട് കൽപറ്റ കൈനാട്ടിയിലെ റസ്റ്റോറന്റിൽനിന്ന് ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കത്തെയും ഛർദിയെയും തുടർന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. കൽപറ്റയിലെ മറ്റൊരു റസ്റ്റോറന്‍റിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
മഹാരാഷ്‌ട്രയിലെ സ്വച്ഛ് മുഖ് അഭിയാൻ എന്ന പദ്ധതിയുടെ ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ദന്ത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സച്ചിനുമായി ധാരണാപത്രം ഒപ്പിടും. ദന്താരോഗ്യം, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുകയും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ട് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ നടത്തുന്ന ദേശീയ ക്യാമ്പെയിനാണ് സ്വച്ഛ് മുഖ് അഭിയാൻ. ദന്താരോഗ്യ സാക്ഷരത വർദ്ധിപ്പിക്കുകയും രാജ്യത്ത് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയും ചെയ്യുകയെന്നതാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ വ്യക്തമാക്കി.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖാപിച്ചു. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമായേക്കുമെന്നും, കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
മരുന്ന് സംഭരണ ശാലകളിലെ തീപിടിത്ത സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടരുടെ നിർദേശം. ബ്ലീച്ചിംഗ് പൗഡർ ഈർപ്പം തട്ടാതെ പ്രത്യേകം മുറിയിൽ സൂക്ഷിക്കണമെന്നാണ് ഡിഎംഒ മാർക്ക് നൽകിയ നിർദേശം. മരുന്നുകൾ, കെമിക്കലുകൾ തുടങ്ങിയവ സൂക്ഷിക്കുന്നതിലും ജാഗ്രത വേണം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളിൽ ബ്ലീച്ചിങ് പൗഡറിന് തീ പിടിച്ച സാഹചര്യത്തിലാണ് പ്രത്യേക നിർദേശം. ആരോഗ്യ സ്ഥാപനങ്ങളിൽ വേണ്ടത്ര സൗകര്യമില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശിച്ചു.
മെയ് 29 ലോക ദഹനാരോഗ്യ ദിനമായി ആചരിച്ച് ലോക ഗ്യാസ്ട്രോഎന്ററോളജി ഓർഗനൈസേഷൻ. മാനസിക സംഘർഷങ്ങൾ ഉദരരോഗങ്ങളായി പുറത്തുവരാമെന്നാണ് റിപോർട്ടുകൾ. മാനസിക ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും കുടലിനെ ബാധിക്കുന്നു. ഉദര സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവരിലെ 60 ശതമാനം പേർക്കും ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാകാറുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അല്ലെങ്കിൽ സിറോസിസ് തുടങ്ങിയ രോഗങ്ങൾ ഉത്കണ്ഠ നിറഞ്ഞ മനസ്സിന്റെ പ്രതിഫലനം ആയേക്കാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദഹനത്തോടൊപ്പം നമ്മുടെ പ്രതിരോധശേഷി, മലവിസർജ്ജനം, ആരോഗ്യം, സന്തോഷം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദഹന വ്യവസ്ഥയാണ്. ദഹനസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അവസ്ഥകളെയും കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോക ദഹനാരോഗ്യ ദിനം ആചരിക്കുന്നത്. ആരോഗ്യമുള്ള കുടൽ ആരംഭത്തിൽ നിന്നു തന്നെ എന്നുള്ളതായിരുന്നു ഈ വർഷത്തെ സന്ദേശം.
ചായ, ആപ്പിള്‍, ബെറീസ് എന്നിവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് പ്രായാധിക്യം മൂലമുണ്ടാകുന്ന ഓർമക്കുറവിനുള്ള സാധ്യത കുറവാണെന്ന് പഠനം. യുഎസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 71 വയസിനടുത്ത് പ്രായമുള്ള 3,562 ആളുകളിൽ മൂന്നുവർഷം നീണ്ട ഗവേഷണമാണ് നടത്തിയത്. ചായ, ആപ്പിൾ, ബെറീസ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോളാണ് ഓര്‍മക്കുറവിനെ മറികടക്കാൻ സഹായിക്കുന്നത്. ദിവസവും 500 മില്ലിഗ്രാം ഫ്ളവനോൾ സപ്ലിമെന്റ് കഴിക്കുന്നത് പ്രായമായവര്‍ക്ക് ഗുണം ചെയ്യുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പഠനത്തിനു വിദേയരായവരോട് ദിവസേന 500 മില്ലിഗ്രാം ഫ്ളവനോൾ സപ്ലിമെന്റ് കഴിക്കാൻ ശുപാര്‍ശ ചെയ്തു. ഇവരെ പഠനത്തിന് മുൻപും ശേഷവും എന്ന രീതിയിൽ ഓര്‍മശക്തി പരിശോധനകൾക്ക് വിധേയരാക്കിയാണ് സര്‍വേ ഫലങ്ങള്‍ രേഖപ്പെടുത്തിയത്. നിരീക്ഷണത്തില്‍ ഇവരിൽ ഓര്‍മശക്തി മെച്ചപ്പെടുന്നതായി കണ്ടെത്തി. പോഷകാഹാരവും തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണം ഡിമൻഷ്യയ്‌ക്കെതിരായ പോരാട്ടത്തിന് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
നവജാതശിശുക്കളുടെ ജീവന് ഭീഷണിയായ PPHN- നെതിരെ റെസ്‌ക്യൂ തെറാപ്പി വികസിപ്പിച്ച് പൂനെയിലെ ഡോക്ടര്‍മാര്‍. ശരീരത്തിലെ ഓക്‌സിജന്‍ വിതരണത്തിന്റെ തോത് തീര്‍ത്തും കുറവായ നവജാതശിശുക്കള്‍ക്കാണ് റെസ്‌ക്യൂ തെറപ്പി വികസിപ്പിച്ചത്. അപൂര്‍വവും അതിജീവനത്തിന് തന്നെ ഭീഷണിയുമാവുന്ന പേഴ്‌സിസ്റ്റന്റ് പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഈ രോഗാവസ്ഥ അഞ്ഞൂറില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഉണ്ടാകാറുള്ളത്. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ ശരീരം നീലനിറമായിരിക്കും. കുറഞ്ഞ ഓക്സിജനും പള്‍മണറി ആര്‍ട്ടറികളിലെ ഉയര്‍ന്ന രക്തസമ്മര്‍ദവുമായാണ് കുഞ്ഞുങ്ങളില്‍ പേഴ്സിസ്റ്റന്റ് പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകുന്നത്. ജനനത്തിനുശേഷം ശ്വാസകോശത്തിലെ രക്തധമനികള്‍ വികസിക്കാത്തതിനാലാണ് പള്‍മണറി ആര്‍ട്ടറികളിലെ രക്തസമ്മര്‍ദം ഉയരുന്നത്. ശ്വാസതടസ്സം, കുറഞ്ഞ ഓക്സിജന്‍ വിതരണം, നീലിച്ച ശരീരം, രക്തസമ്മര്‍ദത്തിലെ കുറവ്, നവജാതശിശുക്കളിലെ ഉണര്‍വില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. പുണെയിലെ ‘സൂര്യ മദര്‍ ആന്‍ഡ് ചൈല്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലി’ലെ ഡോക്ടര്‍മാരാണ് PPHN- ന് പ്രതിവിധിയായി ‘വാസോപ്രെസിന്‍’ പരീക്ഷിച്ചുനോക്കിയത്. 31 നവജാതശിശുക്കളിലായിരുന്നു പരീക്ഷണം. രക്തധമനികളെ അമര്‍ത്തി രക്തസമ്മര്‍ദം ഉയര്‍ത്തുന്ന ഹോര്‍മോണാണ് വാസോപ്രെസിന്‍.
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള പൊതുശുചീകരണ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. കോട്ടയം സിവിൽ സ്റ്റേഷനിൽ തുടക്കമിട്ട ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു നിർവഹിച്ചു. മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽക്കുന്നത്. ശുചീകരണ യജ്ഞത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും പരിസരവും വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലയിലെ എല്ലാ സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പരിസരങ്ങളിലും യജ്ഞത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഇതുവഴി ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റു വളമാക്കി മാറ്റാനോ അല്ലെങ്കിൽ നിലവിലുള്ള ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വഴി സംസ്‌കരിക്കാനോ ആണ് തീരുമാനം.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post