നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമതെന്ന് നീതി ആയോഗ് റിപ്പോർട്ട്. 2020 – 21 വർഷത്തെ വാർഷിക സൂചികയിൽ 19 സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ നിന്നുമാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ എന്നിവയാണ് സൂചികയിൽ താഴെയുള്ള സംസ്ഥാനങ്ങൾ. നവജാത ശിശുക്കളുടെ മരണ നിരക്ക്, ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപാണ് ഒന്നാമത്, ഡൽഹി ഏറ്റവും പിന്നിലാണ്. വർഷാവർഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017-ലാണ് നീതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനകേസുകൾ റദ്ദാക്കുന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമ പ്രാധാന്യമെന്ന് ഹൈക്കോടതി. കോടതിക്ക് പുറത്തുവെച്ച് കേസുകൾ ഒത്തുതീർപ്പായതിനാൽ റദ്ദാക്കണമെന്ന 46 ഹർജികൾ ഒരുമിച്ചു പരിഗണിക്കവെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസുകൾ, കുട്ടികളെ ബന്ധുക്കൾ പീഡിപ്പിച്ച കേസുകൾ, കമിതാക്കളായ കൗമാരക്കാരുടെ ശാരീരിക ബന്ധം തുടങ്ങിയ കേസുകൾ റദ്ദാക്കണമെന്ന ഹർജികളാണ് പരിഗണിച്ചത്. ഇത്തരം കേസുകളിൽ തീരുമാനമെടുക്കാൻ പൊതുമാനദണ്ഡം സാദ്ധ്യമല്ലെന്ന് പറഞ്ഞ കോടതി ഓരോ കേസും വസ്തുത പരിഗണിച്ച് തീരുമാനിക്കണമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ക്ഷേമം, കുറ്റത്തിന്റെ സ്വഭാവം, വ്യാപ്തി, അനന്തരഫലങ്ങൾ, ഒത്തുതീർപ്പിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കണം. എന്നാൽ ഗുരുതരവും ഹീനവുമായ ലൈംഗിക കുറ്റങ്ങൾ ഇത്തരം പരിഗണന അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ചൈനയിൽ വീണ്ടും കൊറോണ വൈറസ് വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂൺ അവസാനത്തോടെ എത്തുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്തേക്കാമെന്നുമാണ് സൂചന. സീറോ-കൊവിഡ് നയം ഏർപ്പെടുത്തിയ ചൈന 2022 ഡിസംബറിൽ എല്ലാ നിയന്ത്രണങ്ങളും റദ്ധാക്കിയിരുന്നു. തുടർന്ന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ വൈറസ് വ്യാപനമാകുമിതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം പുതിയ വകഭേദമായ എക്‌സ്ബിബിയെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ വാക്‌സിനുകൾ സൃഷ്ടിക്കുന്നതിന്റെ ശ്രമത്തിലാണ് ചൈന. കൊറോണ വൈറസ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴാണ് ചൈനയിൽ വീണ്ടുമൊരു തരംഗത്തിനുള്ള സാധ്യതകൾ ഉയരുന്നത്.
ആശുപത്രിയിലെ അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി. പ്രതി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണമെന്നും കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും അക്രമാസക്തനാകുമെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഡോക്ടര്‍മാരെ അറിയിക്കുകയും ചെയ്യണം. അക്രമാസക്തനായാല്‍ ഡോക്ടറുടെ സമ്മതത്തിനു കാത്തുനിൽക്കാതെ പൊലീസിനു ഉടന്‍ ഇടപെടാം. ഇത്തരക്കാരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണമെന്നും കസ്റ്റഡിയിലുള്ളയാളെ കാണാന്‍ കഴിയുന്ന അകലത്തിലേ അവരെ നിർത്താവുവെന്നും മാർഗ്ഗനിര്ദേശത്തിൽ പറയുന്നു.
വിവിധ മരുന്ന് സംഭരണ ശാലകളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നടപടിയുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണ് എന്ന നിഗമനത്തിൽ എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ തിരിച്ചെടുക്കാൻ കെഎംഎസ്‌സിഎൽ വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടെന്നും നിർദേശമുണ്ട്. കെഎംഎസ്‌സിഎലിന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ സംഭരണശാലകളിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടാവുകയും ഒരു അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു. കോവിഡ് കാലത്തിനു മുൻപു ഗുണനിലവാരം ഇല്ലാതെ ഉപേക്ഷിച്ച കോട്ടണിൽ പിടിച്ച തീയാണ് ബ്ലീച്ചിങ് പൗഡറിലേക്കു പടർന്നതെന്നാണ് സംശയം.
കൊല്ലം ആശ്രമം നഴ്സിങ് കോളേജിലെ 12 വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമ റിപോർട്ടുകൾ. ഇന്നലെ ഉച്ചയ്ക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാവാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെ രണ്ട് കുട്ടികൾ കുഴഞ്ഞുവീഴുകയും എട്ടുപേർക്ക് തലവേദനയും ഛർദ്ദിയും ഉണ്ടാവുകയും ചെയ്തതിനാൽ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി എട്ടോടെ രണ്ടു വിദ്യാർഥികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്ന ചൂരക്കറിയിൽ നിന്നാവാം ഭക്ഷ്യവിഷബാധയെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ മീനിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയിട്ടുണ്ട്. ഇവ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടന്നു വരികയാണ്. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരേയും പാഴ്സലിൽ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കർ പതിക്കാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾക്ക് ആളുകളെ കൊല്ലാൻ കഴിയുമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റ്. ടെസ്‌ല മേധാവി ഇലോൺ മസ്‌കും ഇതിനു മുൻപ് എഐയ്ക്കെതിരെ രംഗത്തുവന്നിരുന്നു. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും എഐ ടൂളുകൾ വികസിപ്പിച്ചെടുക്കുന്നത് നിർത്തിവയ്ക്കാൻ ഡെവലപ്പർമാരോട് മസ്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. എഐ മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നും വലിയൊരു വിഭാഗം ആളുകൾക്ക് ദോഷമോ മരണമോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും എറിക് ഷ്മിറ്റ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റവാളികളുടെ എഐ ദുരുപയോഗം തടയാൻ സർക്കാരുകൾ നടപടിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ഷ്മിറ്റ് ചൂണ്ടിക്കാട്ടി. വാൾസ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പുതിയതായി 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചതായും ടൂറിസം മേഖലയായ മൂന്നാറില്‍ പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രിസ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post