എറണാകുളം ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി നടന്ന സൽക്കാരത്തിൽ മീൻ കറി കഴിച്ച 75 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട നിരവധി ആളുകളെ തൃപ്പുണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ ഒരു യുവതിയെ എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയോടെയായിരുന്നു ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്.കൂടുതൽ ആരോഗ്യപ്രശ്നങ്ങളുള്ള മൂന്നുപേർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണെന്നും 20 പേർക്ക് പ്രാഥമിക ചികിത്സ നൽകി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ,പുറത്തു നിന്നും വാങ്ങിയ വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിപാടിയിൽ പങ്കെടുത്ത മാറഞ്ചേരി പഞ്ചായത്തിലെ 69 പേർക്കും കാലടി പഞ്ചായത്തിലെ 66 പേർക്കുമാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ഇവർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി അപകട നില തരണം ചെയ്തു. ഭക്ഷ്യ വിഷബാധക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു. ജനങ്ങൾ കൂടുതല്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം ശാസ്ത്രീയമല്ലെങ്കിൽ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുകളിലെ വെളളമാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
എല്‍.ഇ.ഡി ടി.വി, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, എന്നിവയിൽ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല, ചർമ്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങളിൽ നിന്ന് വരുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന് പൊള്ളലും, അലര്‍ജിയും, ചുവപ്പുനിറവും, അകാലവാര്‍ദ്ധക്യവും നല്‍കാന്‍ കാരണമാകും. ഇന്ത്യക്കാരുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗസമയം അമേരിക്കക്കാരേയും ചൈനക്കാരേയുംകാള്‍ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്‌ക്രീനിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും അത് കുറച്ചുകൊണ്ടുവരേണ്ടതിന്റ ആവശ്യകതയെപ്പറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായ ഉപയോഗം മാരകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ ഇടവേളകൾ എടുത്തു വേണം ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എന്നും വിദഗ്ധർ പറയുന്നു.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നൽകുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടൻ സ്ഥാപിക്കണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകളെടുക്കാനും ആരോഗ്യ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ മോക് ഡ്രിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളേജുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ചേർന്ന ഉന്നത തല യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.
അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി മന്ത്രി എം.ബി രാജേഷ്. 2030ല്‍ സഫലമാക്കാന്‍ രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഞാറക്കല്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.13 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കിയത്.
ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം മുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞതാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നു ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കാനിടയാക്കിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമായി. അത്യാവശ്യമുള്ള ജീവന്‍രക്ഷാ മരുന്നുകളും രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നിന്നു ജില്ലാ കേന്ദ്രങ്ങളില്‍ മരുന്ന് എത്തുന്നുണ്ട്. എന്നാല്‍ അവിടെനിന്നും ആശുപത്രികളില്‍ മരുന്ന് എത്തിക്കുന്നതാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
2030 ആകുമ്പോഴേക്കും ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷമായി വർധിക്കുമെന്ന് പഠനം. ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് സ്‌ട്രോക്കിനു പിന്നിലെ പ്രധാന കാരണമെന്ന് ഗവേഷകർ പറയുന്നു. 1990 മുതല്‍ 2019 വരെയുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ഡേറ്റയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2020-2030 വര്‍ഷങ്ങളിലെ പക്ഷാഘാത കണക്കുകള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ‘ന്യൂറോളജി’ എന്ന മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
കുട്ടികളുടെ ഭാഷ വികസനത്തിന് ഗർഭകാലത്തെ ഹോർമോണിനു പങ്കുണ്ടെന്നു പഠനം. ഡെൻമാർക്കിലെ ഒഡെൻസ് സർവകലാശാലാ ആശുപത്രിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗർഭാവസ്ഥയുടെ ഏഴ് മുതൽ ഒമ്പത് വരെയുള്ള മാസങ്ങളിൽ അമ്മയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോൺ കുട്ടിയുടെ സംസാരശേഷിയും ഭാഷാശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം. 1093 ഗർഭിണികളിലും 12 മുതൽ 37 മാസം വരെ പ്രായമുള്ള 1093 കുഞ്ഞുങ്ങളിലുമാണ് പഠനം നടത്തിയത്.
സംസ്ഥാനത്ത് വേനൽ മഴ തുടരുമെങ്കിലും ചൂടിന് ശമനമില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ
നാല് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരും. മഴ മുന്നറിയിപ്പില്ലെങ്കിലും കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. അതേസമയം, കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മെയ് 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍ പാദരക്ഷകളാണ് വികെസിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. ഇവ മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ക്കു കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ആശുപത്രി വികസന കമ്മറ്റി അംഗങ്ങളായ എം. മുരളീധരന്‍, സൂര്യ ഗഫൂര്‍, വികെസി ഡയറക്ടര്‍ പ്രേംരാജ്, സൂപ്പര്‍വൈസര്‍ ബിജിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post