നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ. പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാർ ഓടിയൊളിച്ചെന്നും ഇവർ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഡോ.വന്ദനയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്ന് ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ്. തന്നെ ജയിലിൽ ചികില്സിച്ച ഡോക്ടർമാരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.അതേസമയം സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിച്ചു. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നീക്കം. ഇന്നലെയും ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ലഹരി മാഫിയകൾ കൈയടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു. ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയാണെന്നും ലഹരി കൈമാറ്റം ചെയ്യുന്നതിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ആദ്യത്തെ മസ്തിഷ്ക
മരണാനന്തര കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ വിജയത്തിന് സാക്ഷ്യം വഹിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ മന്ത്രി വീണ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനെയും അഭിനന്ദിച്ചു. ഏപ്രിൽ 25 നായിരുന്നു വയനാട് സ്വദേശിയായ സുജാതയ്ക്ക് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം സ്വദേശി കൈലാസ് നാഥിന്റെ കരളാണ് മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ദാനം നല്‍കിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുജാതയെ ആരോഗ്യ മന്ത്രി സന്ദർശിച്ചു.
ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളിൽ നിന്നും പണവും സ്വര്‍ണവും തട്ടിയയാൾ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി സുരേഷിനെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. ഇയാൾ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുയും വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുടെ പക്കല്‍ നിന്നും പൈസയും സ്വര്‍ണവും കൈക്കലാക്കുകയുമായിരുന്നു .ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സുരേഷ് കിരണ്‍, ഡോക്ടര്‍ കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍ അടക്കം സമാനമായ കേസുകള്‍ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. ഹോസ്പിറ്റല്‍ തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ പണവും സ്വർണവും കൈക്കലാക്കിയത്. ഇയാളുടെ കയ്യില്‍ നിന്നും 30,000 രൂപയും 5 മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും, രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണ മാലയും, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പ്, കോട്ട് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂന്നാർ മാട്ടുപ്പെട്ടി ഡാമിന് സമീപം അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് ഹെർപീസ് വൈറസ് ബാധയെന്ന് സംശയം. ഡാമിന് പരിസരത്ത് ഒരാഴ്ച്ചയായി അവശ നിലയില്‍ ആന കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടു വയസ് പ്രായം വരുന്ന പിടിയാനയെ കാട്ടിനുള്ളിലെത്തിച്ച് നിരീക്ഷിക്കുകയാണെന്ന് വനപാലകര്‍ അറിയിച്ചു. നാലുമാസം മുൻപ് മാട്ടുപ്പെട്ടി മേഖലയിൽ രണ്ട് കുട്ടിയാനകൾ ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞിരുന്നു. ഇതാണ് ആനക്ക് വൈറസ് ബാധയേറ്റതാവാം എന്ന സംശയത്തിന് കാരണമായത്.
കൊച്ചിക്ക് സമീപം അറബി കടലിൽ 25000 കോടിയുടെ മയക്കുമരുന്നുമായി വന്ന മദർഷിപ് മുങ്ങിയതായി എൻസിബി സ്ഥിരീകരിച്ചു. കൂടുതൽ കടത്തുകാരും രക്ഷപ്പെട്ടത് മദർഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതൽ മയക്കുമരുന്ന് ഉടൻ പിടിച്ചെടുക്കുമെന്നും എൻസിബി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷൻ സമുദ്രഗുപ്തയിൽ നാവികസേനക്ക് മുന്നിൽ വച്ചായിരുന്നു മദർഷിപ്പ് മുങ്ങിയത്. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഇന്ത്യൻ ശൃംഖല കണ്ടെത്തുമെന്നും എൻസിബി അറിയിച്ചു. രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. മെയ് 13നായിരുന്നു പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്നും കപ്പലും പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
മാസം തികയും മുൻപ് കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഇന്ത്യ അഞ്ചാം സ്ഥാനതെന്നു ലോകാരോഗ്യ സംഘടന. ലോകത്ത് ഓരോ രണ്ട് സെക്കന്റിലും മാസം തികയാതെ ഒരു കുഞ്ഞ് ജനിക്കുന്നതായും ഓരോ 40 സെക്കന്റിലും ഇത്തരത്തിൽ ജനിക്കുന്ന ഒരു കുഞ്ഞ് മരിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള ജനനങ്ങള്‍ ശിശു മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ മാറ്റേണല്‍, ന്യൂബോണ്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. 13.4 ദശലക്ഷം കുഞ്ഞുങ്ങളാണ് 2020ല്‍ മാസം തികയാതെ ജനിച്ചത്. ഇതില്‍ 10 ലക്ഷം കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. ഇന്ത്യയിൽ മാസം തികയാതെയുള്ള ശിശുജനനങ്ങളില്‍ 16 ശതമാനവും പശ്ചിമബംഗാളിലാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ അൻപത് വർഷത്തോളമായി ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ച് കൂടുതൽ മാരകമാകുന്നതായി പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ കംപ്യുട്ടേഷണൽ വിലയിരുത്തലിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡെങ്കി വൈറസിനെതിരെ അടിയന്തിരമായി വാക്‌സീന്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പഠനത്തിൽ പറയുന്നു. ഇന്ത്യയിൽ 2002 മുതൽ 2018 വരെയുള്ള കാലയളവിലെ ഡെങ്കിപ്പനി കേസുകളുടെ എണ്ണം 25 മടങ്ങ് വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. 2000 മുതല്‍ നാലു തരത്തില്‍പ്പെട്ട ഡെങ്കി വൈറസുകള്‍ ഇന്ത്യയില്‍ പരക്കുന്നതായി പ്ലോസ് പാത്തൊജന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇന്ത്യന്‍ ഡെങ്കിപ്പനി വൈറസ് വകഭേദങ്ങളുടെ 408 ജനിതക സീക്വന്‍സുകള്‍ ഗവേഷകര്‍ പഠനത്തിന്റെ ഭാഗമായി വിലയിരുത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍മിക്കുന്ന ഡെങ്കി വാക്‌സീന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണുള്ളത്.
കോൺടാക്ട് ലെൻസുകളിൽ കാൻസറിന് കാരണമായേക്കാവുന്ന മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി പഠനം. കോൺടാക്ട് ലെൻസുകൾ നിർമ്മിക്കുമ്പോൾ ഒരിക്കലും നശിക്കാത്ത രാസവസ്തുക്കളുടെ വിഭാഗത്തിൽപ്പെടുന്ന പി എഫ് എ എസ് ഉപയോഗിച്ചിട്ടുണ്ടെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയതായി ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.18 ജനപ്രിയ കോൺടാക്റ്റ് ലെൻസുകളാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. പരിശോധിച്ച കോൺടാക്ട് ലെൻസുകളിൽ രാസവസ്തുക്കളുടെ അളവ് 100 പി.പി.എം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവയുടെ ഉപയോഗം കാൻസറിന് പുറമെ ഗർഭാശയ പ്രശ്‌നങ്ങൾ, കരൾ,വൃക്കരോഗങ്ങൾ, രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്ന് നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്‌കോട്ട് ബെൽച്ചർ ദി ഗാർഡിയനോട് പറഞ്ഞു.
ലോക ജനസംഖ്യയിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ചൈനയെ ഇന്ത്യ മറികടക്കാനിരിക്കെ പുതിയ പദ്ധതികളുമായി ചൈന. പുതിയ കാലഘട്ട വിവാഹം, പ്രസവം തുടങ്ങിയ പദ്ധതികൾ അവതരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചൈന. രാജ്യത്തെ 20 നഗരങ്ങളിലായിരിക്കും ആദ്യം പദ്ധതി അവതരിപ്പിക്കുക. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് കണക്കിലെടുത്താണ് പുതിയ നീക്കം. ജനസംഖ്യ, അവന്ധ്യത എന്നിവ സംബന്ധിച്ച സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കുന്ന ദേശീയ സ്ഥാപനമായ ഫാമിലി പ്ളാനിംഗ് അസോസിയേഷനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളെ വിവാഹിതരാകാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post