ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍നിന്ന് ബാംഗളൂരില്‍ എത്തി കേരളത്തിലേയ്ക്ക് മടങ്ങാനാവാതെ കുടുങ്ങിയ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ അംഗീകൃത ക്വാറന്റീന്‍ സെന്ററുകളിലാണ് സംഘത്തെ പാര്‍പ്പിച്ചിരിക്കുന്നു. യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ദുരിതത്തിലായ 25 അംഗ മലയാളി സംഘത്തിനാണ് കര്‍ണാടക ക്വാറന്റീന്‍ സൗകര്യമൊരുക്കിയത്. അടുത്ത അഞ്ച് ദിവസം സംഘം ക്വാറന്റീനില്‍ തുടരും.
മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ പുകഴ്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി സഖാവായ ഷൈലജ, പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം ആരോഗ്യമന്ത്രിപദത്തില്‍ പൂര്‍ണമായും കാത്ത് സൂക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടാമതും മന്ത്രി ആകാത്തതില്‍ നിരാശയില്ലെന്ന് ഷൈലജ ടീച്ചറും പ്രതികരിച്ചു. ഡല്‍ഹിയില്‍ കെ.കെ ഷൈലജ ടീച്ചറുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് കേടായ ലിഫ്റ്റ്. ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതക്കയത്തിലായി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ മരണത്തിന് കീഴങ്ങിയ ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമട്ട് തൊഴിലാളികള്‍ ചുമന്ന് താഴെ എത്തിച്ചത് വാര്‍ത്തയായിരുന്നു. മറ്റൊരു രോഗിയെ ആറാം നിലയില്‍നിന്ന് ചുമന്ന് താഴെ എത്തിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഓപ്പറേഷന്‍ വിഭാഗം, ഐ.സി.യു, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച് ആറ് നിലകളിലാണ്.
കോഴിക്കോട് ശസ്ത്രക്രീയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരി ഹര്‍ഷീനയുടെ പ്രതിഷേധങ്ങളോട് മൗനം പാലിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നഷ്ടപരിഹാരത്തുക മന്ത്രിസഭ തീരുമാനിക്കുമെന്ന നിലപാടിലാണ് മന്ത്രി. രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഹര്‍ഷീനയ്ക്ക് ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും സ്വീകരിക്കണമെന്നാണ് ഹര്‍ഷീനയുടെ നിലപാട്. ആവിശ്യം അംഗീകരിക്കാത്തപക്ഷം കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം ആരംഭിക്കാനാണ് ഹര്‍ഷീനയുടെ തീരുമാനം. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും മെഡിക്കല്‍കോളേജിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍.
വെള്ളനാട് രക്ഷാദൗത്യത്തിനിടെ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ ക്രിമിനല്‍ബാധ്യത എങ്ങിനെ ചുമത്തുമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് കരടിയെ മനപ്പൂര്‍വ്വം കൊല്ലാനുള്ള ലക്ഷ്യമുണ്ടായിരുന്നില്ല. നേരായ ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ കരടിക്ക് ജീവന്‍ നഷ്ടമായതല്ലേയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
വിഷാദം ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകളേക്കാള്‍ ഫലപ്രദം വ്യായാമമെന്ന് പഠനം. ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദം, അമിതഉത്കണ്ഠ, നിരാശ തുടങ്ങിയവ നേരിട്ടവരിലും ഗര്‍ഭിണികളിലും പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയവരിലും എച്ച്.ഐ.വി, കിഡ്‌നി രോഗികളിലുമൊക്കെ വ്യായാമം അനുകൂലമായ മാറ്റം സൃഷ്ടിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു.
സംസ്ഥാനത്ത് 8189 പേര്‍ക്ക് അനീമിയ രോഗം ഗുരുതരമായി ബാധിച്ചതായി കണ്ടെത്തല്‍. വിളര്‍ച്ച മുക്ത കേരളം എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടത്തിവരുന്ന വിവി കേരളം പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 3,00,119 പേരില്‍ നടത്തിയ പരിശോധനയില്‍ 69,521 പേര്‍ക്ക് സാരമായ അനീമിയയും 69,668 പേര്‍ക്ക് നേരിയ അനീമിയയും സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രാപ്രദേശില്‍ ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയേറ്റ് എക്‌സാമിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാഫലംവന്ന് 48 മണിക്കൂറിനിടെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് പരീക്ഷാഫലം പുറത്തുവന്നത്. പരീക്ഷയില്‍ തോറ്റവരാണ് മരിച്ച ഒമ്പതുപേരും. ആത്മഹത്യാശ്രമം നടത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post