എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. തേയ്മാനം വന്ന ഭാഗം മാത്രം മാറ്റി വയ്ക്കുന്ന ജര്‍മന്‍ സംവിധാനമായ ലിങ്ക് സ്ലെഡ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ എല്ലുരോഗ വിഭാഗം മേധാവി ഡോ. തോമസ് മാമന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഷാഹിര്‍ഷാ അറിയിച്ചു. സാധാരണയായി മദ്ധ്യവയസ്‌കരില്‍ മുട്ടിന്റെ പകുതി ഭാഗത്തു മാത്രമാണ് തേയ്മാനം വരാറുള്ളത്. അവരില്‍ സമ്പൂര്‍ണ്ണ മുട്ടുമാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ തേയ്മാനമില്ലാത്ത ഭാഗം കൂടി മാറ്റി വയ്ക്കേണ്ടി വരും. എന്നാല്‍ ലിഗമെന്റുകള്‍ എല്ലാം നിലനിര്‍ത്തിക്കൊണ്ടു തേയ്മാനം വന്ന ഭാഗം മാത്രമേ ലിങ്ക് സ്ലെഡ് ശസ്ത്രക്രിയയില്‍ മാറ്റി വയ്ക്കുന്നുള്ളു. അതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിക്ക് രണ്ടുമൂന്നു ദിവസത്തിനകം പരസഹായം ഇല്ലാതെ നടക്കുന്നതിനും ഒരാഴ്ചക്കകം പടികള്‍ കയറുന്നതിനു സാധിക്കുമെന്ന് എല്ലു രോഗ വിഭാഗം മേധാവി ഡോ. തോമസ് മാമ്മന്‍ പറഞ്ഞു. മൂന്നു വര്‍ഷമായി കടുത്ത മുട്ടുവേദനയുമായി കഴിഞ്ഞിരുന്ന നാല്‍പത്തിയഞ്ചുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഒടുവില്‍ വേനലിന് താല്‍ക്കാലിക ശമനമേകി മഴ എത്തി. കേരളത്തില്‍ ഇന്നു മുതല്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി,മിന്നല്‍ ,കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഒന്നു വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഓടോ അര മണിക്കൂറിലും മൂന്നു മിനിറ്റ് നടക്കുന്നത് ടൈപ്പ് 1 ഡയമറ്റിസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പഠനം. സ്‌കോട്‌ലന്റ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കായികമായ അധ്വാനത്തില്‍ ഏര്‍പ്പെടുക എന്നതാണ് ടൈപ്പ് 1 പ്രമേഷം ബാധിച്ചവര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രതിരോധ മാര്‍ഗം. എന്നാല്‍ ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നവര്‍ തുടര്‍ച്ചയായി കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നത് രോഗത്തിന്റെ തിവ്രതയെ കൂട്ടും. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ അരമണിക്കൂറിലും അല്‍പ്പം നടക്കുന്നത് പ്രതിരോധത്തില്‍ വലിയ ഫലം നല്‍കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എലിസബത്ത് റോബര്‍ട്‌സണ്‍ പറയുന്നു.
ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിവേക് ബി ആര്‍ എന്നിവര്‍ യുവതിയുമായി എസ് എ ടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആംബുലന്‍സ് കഴക്കൂട്ടം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വിവേക് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പ്രസവത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. പ്രസവശേഷം അമ്മയെയും കുട്ടിയെയും സുരക്ഷിതമായി ഇരുവരും എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. അട്ടപ്പാടി സ്വദേശി അശ്വിന്‍ ആണ് പിടിയിലായത്. ഇയാളെ മണ്ണാര്‍ക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് ബൈക്കില്‍ നിന്ന് വീണു പരിക്കേറ്റ് അശ്വിന്‍ മറ്റൊരാള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്. ഇരുവരും മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. യുവാവിനെ ചികിത്സിച്ച നഴ്‌സിനോടും ഹെഡ് നേഴ്‌സിനോടും മോശമായി പെരുമാറിയ ഇരുവരും ആശുപത്രി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.
കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യുണിറ്റ് (SNCU), പീഡിയാട്രിക് യൂണിറ്റ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ലക്ഷ്യ നിലവാരത്തിലുള്ള പുതിയ ലേബര്‍ ബ്ലോക്ക്, CSSD , ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രം, പുതിയ കെട്ടിടം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി പുതിയ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ കാസര്‍ഗോഡിന്റെ ആരോഗ്യ-ചികിത്സാ ആവശ്യം നിറവേറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് ഗര്‍ഭച്ഛിദ്ര സാധ്യത കുറയ്ക്കുമെന്ന് പഠനം. ബിര്‍മിങ്ങാം സര്‍വ്വകലാശാലയാണ് വിവിധ പഠനങ്ങളില്‍ നടത്തിയ വിശകലനത്തിന്റെ ഭാഗമായി പുതിയ നിഗമനത്തിലെത്തിയത്. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും കൂടുതലായി പഴങ്ങളും പച്ചക്കറികളും കഴിച്ച സ്ത്രീകളിലാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ വിവരങ്ങള്‍ ഫെര്‍ട്ടിലിറ്റി ആന്റ് സെറ്ററിലിറ്റി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്ത് 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കേന്ദ്രത്തിന് അവഗണനയെന്ന് ആക്ഷേപം. നിലവിലുള്ള മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്നാകും പുതിയ നഴ്‌സിംഗ് കോളേജുകള്‍ നിര്‍മ്മിക്കുക. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ കോളേജുകള്‍ അനുവദിച്ചത്. ഉത്തര്‍ പ്രദേശിന് മാത്രം 27 നഴ്‌സിങ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നുപോലും നല്‍കിയില്ല. 1570 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
നമീബിയയില്‍നിന്നും കുനോവിലെത്തിച്ച ആണ്‍ ചീറ്റപ്പുലി ചത്തത് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉദയ് എന്ന ചീറ്റപ്പുലിയാണ് ചത്തത്. മുമ്പ് നമീബിയയില്‍നിന്ന് എത്തിച്ച സാഷ എന്ന പെണ്‍ചീറ്റ വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചത്തിരുന്നു.
മാലിന്യ സംസ്‌കരണ രംഗത്തെ നവീന സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ജാപ്പനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലാകെയും കൊച്ചി നഗരത്തിലും നടപ്പിലാക്കാനാകുന്ന വിവിധ പദ്ധതികളെക്കുറിച്ചായിരുന്നു ചര്‍ച്ച. ജൈവ-അജൈവമാലിന്യത്തെ എങ്ങനെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഗുണപരമായി ഉപയോഗിക്കാമെന്ന മാതൃകകളും സംഘം മന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ വിപുലീകൃതമായ മാലിന്യ ശേഖരണ സംവിധാനവും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനവും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post