ആരോഗ്യ രംഗത്ത് നിര്‍ണായക ചുവടുവെയ്പ്പുനടത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാകും പദ്ധതി ആരംഭിക്കുക. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാക്കും. നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കി വരുന്നതെന്നും സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിയ ഡയാലിസിസ് പദ്ധതിക്ക് പുറമെയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നത് വ്യഭിചാരം ഉള്‍പ്പടെ സമൂഹം അംഗീകരിക്കാത്ത ബന്ധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് തുല്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികളിലായിരുന്നു കേന്ദ്ര നിലപാട്. അതേസമയം, സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നത് നിയമ നിര്‍മ്മാണത്തിന്റെ പരിധിയില്‍വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം തുടരും.
വാളയാറില്‍ ടാങ്കര്‍ ലോറിയില്‍ വാഹനമിടിച്ച് വാതകചോര്‍ച്ച. കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായി. പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ നാല് സെറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ടാങ്കറിലുണ്ടായിരുന്ന വാതകം മുഴുവനും നിര്‍വീര്യമാക്കി. വാതക ചോര്‍ച്ച പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ അപകടാവസ്ഥയില്ലെന്നും ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു.
പ്രമുഖ മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയാന്റെ അപരയായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്രിസ്റ്റീന്‍ ആഷ്‌ടെനന്‍ ഗോര്‍കാനിക്ക് ദാരുണാന്ത്യം. കിംമിനെപ്പോലെയാകാന്‍ നിരന്തരം ശസ്ത്രക്രീയകള്‍ക്ക് വിധേയയായിരുന്ന ക്രിസീറ്റീന്‍ പ്ലാസ്റ്റിക്ക് സര്‍ജറിക്കുശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഞ്ചാവ് ഉള്‍പ്പന്നങ്ങളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന ആദ്യ മുഖ്യധാരാ സാമൂഹിക മാധ്യമമായിരിക്കുകകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍. യുഎസിലെ ചില സംസ്ഥാനങ്ങളിലടക്കം പല രാജ്യങ്ങളിലും കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ നിയമ വിധേയമാണ്. ഇത്തരം സ്ഥലങ്ങളില്‍ പരസ്യം കാണിക്കുന്നതിനുള്ള പോളിസി മാറ്റമാണ് ട്വിറ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ പുതിയ നയത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ജീവിതത്തില്‍ ഏറ്റവും സമ്മര്‍ദമേറിയ കാലഘട്ടം ഇരുപതുകളാണെന്ന് പഠനം. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷനായ എപിഎ സൈക്‌നെറ്റാണ് പഠനത്തിന് പിന്നില്‍. 70 വയസ്സുവരെയുള്ളവരില്‍ വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. പ്രായം കൂടുന്തോറും സമ്മര്‍ദം അനുഭവപ്പെടുന്നതിന്റെ തോത് കുറഞ്ഞുവരുന്നതായും പഠനം വ്യക്തമാക്കുന്നു.
നടന്‍ ബാല ആരോഗ്യം വീണ്ടെടുക്കുന്നതായി ഭാര്യ എലിസബത്ത്. നിലവില്‍ ചികിത്സയില്‍ തുടരുന്ന ബാല ആരോഗ്യം മെച്ചപ്പെടുത്തുന്നതായി എലിസബത്ത് പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി. ആരോഗ്യം വീണ്ടെടുത്തുവരുകയാണ്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നതായും എലിസബത്ത് പറഞ്ഞു.
തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂര്‍ സമയം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിട്ടു.
മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി മേയര്‍ സമ്പൂര്‍ണ പരാജയമെന്ന് ഹൈബി ഈഡന്‍ എം.പി. വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ മേയര്‍ തനിക്ക് എതിരെ ആരോപണം ഉന്നയിക്കുകയാണെന്നും എം.പി ആരോപിച്ചു. ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന് എതിരെ ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യയും രംഗത്തെത്തിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം കോര്‍പ്പറേഷന് എതിരെ നടപടി ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി, ചഫ് സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു.
രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കേരളത്തിന് അവഗണനയെന്ന് ആക്ഷേപം. നിലവിലുള്ള മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്നാകും പുതിയ നഴ്സിംഗ് കോളേജുകള്‍ നിര്‍മ്മിക്കുക. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ കോളേജുകള്‍ അനുവദിച്ചത്. ഉത്തര്‍ പ്രദേശിന് മാത്രം 27 നഴ്സിങ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നുപോലും നല്‍കിയില്ല. 1570 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post