കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി. കെ. സോട്ടോ വഴിയാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെത്തുടർന്ന് കോട്ടയം സ്വദേശിയായ കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കൈലാസ് നാഥിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകുകയായിരുന്നു. കരളും, രണ്ട് കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ യുവതിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി. കേസ് അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായതായും പരാതിയിൽ പറയുന്നു. പ്രതിക്ക് വേണ്ടി തന്നെ സമീപിച്ച അഞ്ച് പേരെയും ആശുപത്രിയിൽ വച്ച് കാണിച്ചു കൊടുത്തിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ,ആരോഗ്യമന്ത്രിക്കും വനിത കമ്മീഷനും ഉൾപ്പെടെ പരാതി നൽകുമെന്നും യുവതി പറഞ്ഞു. തനിക്ക് മാനസിക രോഗമാണെന്നും പണം വാങ്ങിത്തരാം എന്നും കല്യാണം കഴിഞ്ഞതല്ലേ, അതുകൊണ്ട് ലൈംഗികാതിക്രമത്തിന് ഇരയായതിൽ കുഴപ്പമില്ലലോ എന്നും പ്രതിക്കുവേണ്ടി തന്നെ സമീപിച്ചവർ പറഞ്ഞതായി യുവതി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ചികിത്സയ്ക്കെത്തിയതായിരുന്നു 32കാരിയായ യുവതി. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ മയക്കത്തിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്ററായിരുന്ന ശശീന്ദ്രന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
നടന്‍ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ താരത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലമ്പുർ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി ആയിരുന്നു ആദ്യ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയിലെ മാമുക്കോയയുടെ കഥാപാത്രം ശ്രദ്ധേയമായി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരം, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച ഹാസ്യ താരത്തിനുള്ള ആദ്യ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
അരവണയുടെ സാമ്പിൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും അടങ്ങിയ ഡിവിഷന്റേതാണ് തീരുമാനം. കീടനാശിനി അംശമുള്ള ഏലക്ക ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു വീണ്ടും അരവണ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നയിച്ചത്. ഒരിക്കൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ അരവണ വീണ്ടും പരിശോധനയ്ക്കയക്കുന്നതിൽ അർഥമില്ലെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ ജനുവരി 11നായിരുന്നു കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ച് നിർമിച്ച അരവണവിൽപ്പന ഹൈക്കോടതി തടഞ്ഞത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്.
അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയിൽ കയറി കിടക്കുകയും ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങാത്തതിനെ തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ അറസ്ററ് ചെയ്യുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
പ്രശസ്ത തെക്കന്‍ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗവും ഗായകനുമായ ജിമിനെപ്പോലെയാകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ കനേഡിയന്‍ നടന് ദാരുണാന്ത്യം. കനേഡിയന്‍ ടെലിവിഷന്‍ സീരീസുകളില്‍ അഭിനയിച്ചിട്ടുള്ള സെയിന്റ് വോണ്‍ കൊളൂച്ചി ആണ് മരിച്ചത്. ജിമിനെപ്പോലെയാകാന്‍ പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് വോണ്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ ചെയ്ത ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടാവുകയും നില വഷളാവുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോണ്‍ തന്റെ രൂപത്തില്‍ തൃപ്തനായിരുന്നില്ല. ജിമിന്‍ അദ്ദേഹത്തിന്റെ ആരാധനാ പുരുഷനായിരുന്നു. അദ്ദേഹത്തിന്റെ രൂപസാദൃശ്യം ലഭിക്കാന്‍ മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തെ പലഭാഗങ്ങളിലും വോണ്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post