നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ താരത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് നടൻ ബാല. ഭാര്യ ഡോ.എലിസബത്ത് ഉദയൻ പങ്കുവച്ച വീഡിയോയിൽ ബാലയെ സന്തോഷവാനായി കാണപ്പെടുന്നു. പഴയ ബാലയായി എത്രയുംവേഗം വരണമെന്നും, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നതായും നിരവധി ആരാധകർ പ്രതികരിച്ചു. മാർച്ച് ആദ്യവാരം ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ബാലയ്ക്ക് കരൾ നൽകാൻ നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള സ്വദേശിനി സുബിനയാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ആശുപ്രതിയിൽ പോയി മടങ്ങുകയായിരുന്ന യുവതിയും ഭർത്താവും തമ്മിൽ ഓട്ടോയിൽ വച്ച് വാക്കുതർക്കം ഉണ്ടായെന്നും തുടർന്ന് യുവതി പുറത്തേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചതാണ് മരണകാരണം. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
കനത്ത മഴ സാധ്യത പരിഗണിച്ച് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതോടൊപ്പം 49 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന രീതിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പൊതുപരിപാടികളിൽ സംഘാടകർ പരമാവധി തണലും കുടിവെള്ളവും ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുത്. പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം.പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ അടിയന്തര ചികിത്സക്കുള്ള തയാറെടുപ്പുകൾ നടത്തണം എന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.
‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കണ്ണൂരിൽ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവൻ മാലിന്യവും ജൂൺ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും. തുടർന്ന് ഇവ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർക്കാർ പുതിയ ക്യാമ്പയിൻ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ക്കിംഗിന്റെ മറവില്‍ റോഡിനിരുവശവും മാലിന്യം തള്ളുന്ന സാഹചര്യത്തിൽ വലിയ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ച് ജില്ലാ കളക്ടർ. എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്, സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്, ഇരുമ്പനം-അമ്പലമുകള്‍ റോഡ്, കുണ്ടന്നൂര്‍-കൊച്ചി ഹാര്‍ബര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന് ഇരുവശവും കണ്ടെയ്‌നര്‍-ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ റോഡുകള്‍ക്ക് ഇരുവശവും കണ്ടെയ്‌നര്‍-ടാങ്കര്‍ ലോറികള്‍ ആഴ്ചകളോളം പാര്‍ക്ക് ചെയ്യാറുണ്ട്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post