ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി മരണം ഒഴിവാക്കാൻ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിലാണ് മന്ത്രി സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയത്. ഫീൽഡ്തല പ്രവർത്തനങ്ങളും ബോധവത്ക്കരണ പ്രവർത്തനങ്ങളും ശക്തമാക്കണം. റീജിയണലായി ഫീൽഡ്തല ജീവനക്കാരുടെ യോഗം അടിയന്തരമായി ചേരേണ്ടതാണെന്നും തീരുമാനമായി. ഐ.എം.എ. ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണം കൂടി ഇതിൽ ഉറപ്പാക്കും. ഫീൽഡ്തല പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും, കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ശക്തമാക്കുകയും വേണം. ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി
Discussion about this post