രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിത രാജ്യങ്ങളിലൊന്നിൽ സന്ദർശിച്ച വ്യക്തിയ്ക്കാണ് എംപോക്‌സ് ലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ എംപോക്‌സ് ബാധിതമായ രാജ്യത്തുനിന്ന് യാത്രചെയ്ത ഒരു യുവാവിന് എംപോക്‌സ് ബാധ സംശയിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു. രോഗിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. പ്രോട്ടോക്കോളുകൾ പ്രകാരമുള്ള ചികിത്സയാണ് പുരോഗമിക്കുന്നതെന്നും സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരെക്കുറിച്ച് പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്‌സ് പകരാം.
Discussion about this post