പക്ഷിപ്പനിബാധിത മേഖലകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ഡിസംബർ 31 വരെയാണ് നിയന്ത്രണം. സെപ്റ്റംബർ രണ്ടിനാണ് വിജ്ഞാപനമിറങ്ങിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ലയിൽ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണു ലക്ഷ്യം. നിയന്ത്രണമേഖലയിലേക്ക് കോഴി, താറാവ്, കാട പോലുള്ള പക്ഷികളെയും കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. ഇപ്പോൾ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിനു മുട്ടയൊന്നിന് അഞ്ചുരൂപ നഷ്ടപരിഹാരം നൽകണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപനത്തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കണം. അതിനു നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുകയും വേണം. പക്ഷിപ്പനി ആവർത്തിക്കുന്നതു തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനം. ഗസറ്റ് വിജ്ഞാപനം നിലവിൽവന്ന തീയതിമുതൽ പുതുതായി കോഴി, താറാവ് എന്നിവയെ വളർത്തിയാൽ നടപടിയുണ്ടാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു
Discussion about this post