മൊബൈൽ ഫോൺ ഉപയോഗം തലയിലെയും തലച്ചോറിലെയും കാൻസറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ദീർഘകാലവും ദീർഘനേരവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിലും അപകടസാധ്യത കണ്ടെത്തിയിട്ടില്ല. 1994 മുതൽ 2022വരെ വിവിധയിടങ്ങളിൽ നടത്തിയ 63 പഠനങ്ങൾ വിശകലനം ചെയ്തുള്ളതാണ് റിപ്പോർട്ട്. പത്ത് രാജ്യങ്ങളിൽ നിന്നുള്ള 11 വിദഗ്ധരാണ് പഠനം വിശകലനം ചെയ്തത്. മൊബൈൽ ഫോൺ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമോ എന്ന വിഷയത്തിൽ ലോകത്തു നടന്ന ഏറ്റവും സമഗ്രപഠനമാണിത്. ഓസ്‌ട്രേല്യൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിക്കായിരുന്നു നേതൃത്വം. മൊബൈൽ ഫോണിൽ നിന്നുള്ള ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്റെ പരിണതഫലം സംഘം അവലോകനം ചെയ്തു. കുട്ടികളിലെയും മുതിർന്നവരിലേയും തലച്ചോറിലെ കാൻസർ, പിറ്റ്യൂട്ടറി ഗ്രന്ഥി, ഉമിനീർ ഗ്രന്ഥി, ചെവി എന്നിവിടങ്ങളിലെ കാൻസറുകൾ എന്നിവയെക്കുറിച്ചായിരുന്നു പഠനം. മൊബൈൽ ഉപയോഗം വ്യാപകമായിട്ടും തലയിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ ആനുപാതിക വർധന ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post