വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാം എന്നുള്ള സോഷ്യൽ മീഡിയ വാദങ്ങൾ അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിന്റെ 32-മത് ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കൺവെൻഷനിൽ കരൾ ഡീറ്റോക്‌സ്: വസ്തുതയും മിഥ്യയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽമീഡിയയിലൂടെ ആധികാരികമായി സംസാരിക്കുന്ന പലരും ആരോഗ്യരംഗത്ത് മതിയായ പരിജ്ഞാനമില്ലാത്തവരാണെന്നും അവരുടെ വാചക കസർത്തിൽ സാധാരണക്കാർ വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിലെ വിഷാംശം ശുദ്ധീകരിക്കുക എന്ന പഴയകാല വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ഡീറ്റോക്‌സ് എന്ന പദത്തെ ആധുനികകാലത്ത് പലരും ഉപയോഗിക്കുന്നതെന്നും എന്നാൽ ശരീരത്തെ കുറുക്കുവഴികളിലൂടെ ശുദ്ധീകരിക്കുക സാധ്യമല്ല. സ്വയം ശുദ്ധീകരിക്കാൻ കരളിന് സാധിക്കും. അതിനാൽ ഇത്തരം കുറുക്ക് വഴികൾ തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരൾ ഒരു കെമിസ്ട്രി ലാബ് പോലെയാണ് പ്രവർത്തിക്കുന്നത്. വയറിലേക്കെത്തുന്ന വസ്തുക്കളിൽ നല്ലതും ചീത്തയും തരം തിരിച്ച് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയ ജോലി ചെയ്യുന്നത് കരളാണ്. എന്നാൽ, മദ്യപാനം കൊണ്ടും തെറ്റായ ജീവിതശൈലി കൊണ്ടും ഫാറ്റി ലിവർ എന്ന രോഗാവസ്ഥ സാധാരണമാവുകയാണെന്നും കൺവെൻഷനിൽ ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
Discussion about this post